സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അലക് ബോള്‍ഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് (42) മരിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ ജോയല്‍ സോസ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. സിനിമാ സെറ്റില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് പ്രത്യേകിച്ച് തോക്ക് ഉപയോഗിക്കുന്ന കാര്യത്തില്‍ കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അതെല്ലാം കൃത്യമായി പാലിക്കപ്പെടുന്നതില്‍ വീഴ്ച സംഭവിക്കുമ്പോഴാണ് സമാനമായ അപകടങ്ങള്‍ ഉണ്ടാകുന്നത്. സിനിമാ സെറ്റില്‍ ആളുകള്‍ തോക്കിനിരയായ സംഭവം ഇതാദ്യത്തേതല്ല. ഇതിഹാസതാരം ബ്രൂസ് ലീയുടെ മകന്‍ ബ്രാന്‍ഡന്‍ ലീ സമാനമായ അപകടത്തിലാണ് മരിക്കുന്നത്.  'ദി ക്രോ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ബ്രാന്‍ഡന്‍ ലീയ്ക്ക് അപകടം സംഭവിച്ചത്. 1993-ലായിരുന്നു ആ ദുരന്തം.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തികാന്‍ വെറും എട്ട് ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് സംഭവം. ക്ലൈമാക്‌സിനോടടുത്ത് നായികയെ രക്ഷിക്കാന്‍ നായകന്‍ വരുന്ന രംഗങ്ങളാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. സംഘര്‍ഷഭരിതമായ വെടിവെപ്പു രംഗമായിരുന്നു അത്. ഉപയോഗിച്ചിരുന്ന പ്രോപ്പ് ഗണ്ണിലെ കാറ്റ്‌റിഡ്ജിലെ പ്രൈമറുകള്‍ നീക്കം ചെയ്യാന്‍ മറന്നുപോയതാണ് അപകടത്തിന് കാരണമായത്.  ബ്രാന്‍ഡന്‍ ലീയ്ക്ക് വെടിയേറ്റ കാര്യം ആരും ആദ്യം തിരിച്ചറിഞ്ഞില്ല. സംവിധായകന്‍ കട്ട് പറഞ്ഞതിന് ശേഷവും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ ആളുകള്‍ അദ്ദേഹത്തിന് ചുറ്റും കൂടി. ആദ്യം അദ്ദേഹം മറ്റുള്ളവരെ കബളിപ്പിക്കാന്‍ വെറുതെ കിടന്നതാകുമെന്ന് ക്രൂവിലുള്ളവര്‍ കരുതി. ശ്വാസമെടുക്കാന്‍ ബ്രാന്‍ഡന്‍ ലീ ബുദ്ധിമുട്ടുന്നത് കണ്ടപ്പോഴാണ് വയറിന് വെടിയേറ്റിരിക്കുന്നുവെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുന്നത്. താമസിയാതെ അദ്ദേഹം ബോധരഹിതനായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രകൃയക്കൊടുവില്‍ ബ്രാന്‍ഡന്‍ ലീ മരണത്തിന് കീഴടങ്ങി. മരിക്കുമ്പോള്‍ വെറും 28 വയസ്സുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

അമേരിക്കന്‍ നടനും മോഡലുമായ ജോണ്‍ എറിക് ഹെക്‌സമാണ് മറ്റൊരു ഇര. ഒരു സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇടവേളയില്‍ വിരസത തോന്നിയപ്പോള്‍ ചിത്രീകരണത്തിനായി നല്‍കിയ പ്രോപ്പ് ഗണ്‍ തലയില്‍ വച്ച് വെറുതെ കാഞ്ചി വലിക്കുകയായിരുന്നു. തോക്കിന്‍ ബുള്ളറ്റില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്. എന്നാല്‍, ബ്ലാങ്ക് കാറ്റ്ഡ്രിജില്‍ നിന്നുണ്ടായ മര്‍ദ്ദം തലച്ചോറില്‍ രക്തസ്രാവത്തിന് കാരണമായി. ആഴ്ചകളോളം നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ജോണ്‍ എറിക് ഹെക്‌സം മരണത്തിന് കീഴടങ്ങി. 

Brandon Lee Jon-Erik Hexum Halyna Hutchins people died by prop gun accident
ജോണ്‍ എറിക് ഹെക്‌സം

ന്യൂമെക്‌സിക്കോയിലെ സാന്റഫെയില്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഇപ്പോള്‍ ദാരുണ സംഭവം അരങ്ങേറിയത്. ചിത്രത്തില്‍ അബദ്ധത്തില്‍ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്നുകാരന്റെ അച്ഛന്‍ റസ്റ്റായാണ് അലക് ബോള്‍ഡ്വിന്‍ അഭിനയിക്കുന്നത്. അബദ്ധത്തില്‍  ബോള്‍ഡ്വിന്റെ തോക്കില്‍ നിന്ന് വെടിയുതിരുകയായിരുന്നു. പ്രോപ്പ് ഗണാണ് ഇവിടെയും വില്ലനായത്. 

വെടിയേറ്റ ഉടനെ ഹലീനയെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സോസ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്.

Content Highlights: Brandon Lee, Jon-Erik Hexum, Halyna Hutchins, prop gun accident victims, film shooting