കങ്കണ, ബ്രഹ്മാസ്ത്രയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/kanganaranaut/, www.facebook.com/aliabhatt/photos
റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനെതിരേ നടി കങ്കണ റണാവത്ത്. സിനിമയുടെ ബോക്‌സ് ഓഫീസ് വിജയം കള്ളക്കണക്കാണെന്നാണ് കങ്കണയുടെ പുതിയ ആരോപണം. സെപ്തംബര്‍ 9 ന് റിലീസ് ചെയ്ത ചിത്രം രണ്ടുദിവസം കൊണ്ട് 160 കോടിയോളമാണ് വരുമാനം നേടിയത്. ബോക്‌സ് ഓഫീസ് ഇന്ത്യ അവകാശപ്പെടുന്ന കണക്കുകള്‍ കള്ളമാണെന്നും സിനിമയുടെ വിജയം പൊലിപ്പിച്ച് കാണിക്കുകയാണെന്നും കങ്കണ ആരോപിച്ചു. കരണ്‍ ജോഹറിന്റെ (ചിത്രത്തിന്റെ നിര്‍മാതാവ്) പക്കല്‍ നിന്ന് തനിക്ക് കണക്ക് പഠിക്കണമെന്നും കങ്കണ കുറിച്ചു.
ബോക്‌സ് ഓഫീസ് ഇന്ത്യ തനിക്കെതിരേ കാമ്പയിന്‍ നടത്തുകയാണ്. ബ്രഹ്മാസ്ത്ര ഒരു ദിവസം കൊണ്ട് അവര്‍ ഹിറ്റാക്കി. തിയേറ്ററില്‍ വിജയമായ മണികര്‍ണിക എന്ന ചിത്രത്തെ പരാജയമായി ചിത്രീകരിച്ചു. തലൈവിയെയും സമാനമായി ചിത്രീകരിച്ചു. ധാക്കട് റിലീസ് ചെയ്തപ്പോഴും അത് തുടര്‍ന്നു. എനിക്ക് ഈ കണക്കുകള്‍ മനസ്സിലാകുന്നില്ല. ഞാന്‍ ഗൂഢാലോചനയില്‍ പങ്കാളിയാകാറില്ല, മറ്റുള്ളവരെ പിറകില്‍ നിന്ന് കുത്തുകയുമില്ല- കങ്കണ കൂട്ടിച്ചേര്‍ത്തു.
നേരത്തേയും ബ്രഹ്മാസ്ത്രയ്‌ക്കെതിരേ കങ്കണ രംഗത്ത് വന്നിരുന്നു. സംവിധായകന്‍ 600 കോടിരൂപ ചാരമാക്കിയെന്നാണ് കങ്കണ പറഞ്ഞത്.
നിര്‍മാതാവ് കരണ്‍ ജോഹറിനെയാണ് അവര്‍ ആദ്യം കടന്നാക്രമിച്ചത്. സ്വഭാവത്തിന്റെ കാര്യത്തില്‍ കരണ്‍ ജോഹറിനേപ്പോലെയുള്ളവരെ ആദ്യം ചോദ്യം ചെയ്യണം. അദ്ദേഹത്തിന് തിരക്കഥയേക്കാള്‍ മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തേക്കുറിച്ചറിയാനാണ് താത്പര്യം. വ്യാജ കളക്ഷന്‍ കണക്കുകളുണ്ടാക്കുകയും സിനിമയുടെ പ്രചാരണത്തിനെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള താരങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യുന്നുവെന്നും കങ്കണ പറഞ്ഞു.
നല്ലൊരു എഴുത്തുകാരനെയോ സംവിധായകനെയോ താരങ്ങളെയോ മറ്റു പ്രതിഭാധനരയോ വിലക്കെടുക്കുന്നത് ഒഴിച്ച് അവര്‍ വേറെയെന്തും ചെയ്യും. യാചിക്കാന്‍ പോകുന്നതിന് പകരം അവര്‍ എന്തുകൊണ്ട് ബ്രഹ്മാസ്ത്രയെ പോലെ ഒരു ദുരന്തത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്നും കങ്കണ ചോദിച്ചു.
സംവിധായകന്‍ അയാന്‍ മുഖര്‍ജിയേയും കങ്കണ രൂക്ഷമായി വിമര്‍ശിച്ചു. അയാന്‍ മുഖര്‍ജിയെ ജീനിയസ് എന്നുവിളിക്കുന്നവരെയെല്ലാം എത്രയും പെട്ടന്ന് ജയിലിലടക്കണമെന്ന് അവര്‍ പറഞ്ഞു. 12 വര്‍ഷമാണ് ഈ സിനിമ പൂര്‍ത്തിയാക്കാന്‍ അയാന്‍ എടുത്തത്. 400 ദിവസമെടുത്തു ചിത്രീകരിക്കാന്‍. ഇതിനിടയില്‍ 14 ഛായാഗ്രാഹകരെ മാറി പരീക്ഷിച്ചു. എന്നിട്ട് 600 കോടി ചാരമാക്കി. മതവികാരം മുതലെടുക്കാന്‍ 'ജലാലുദ്ദീന്‍ റൂമി' എന്നതില്‍ നിന്നും 'ശിവ' എന്നതിലേക്ക് അവസാന നിമിഷം പേര് മാറ്റി. ബാഹുബലിയുടെ വിജയമാണ് ഇതിന് കാരണം. ഇത്തരം അവസരവാദികളെ, സര്‍ഗ്ഗാത്മക ദാരിദ്രം പിടിച്ചവരെ, വിജയം തലക്കുപിടിച്ച സ്വാര്‍ത്ഥരായ മനുഷ്യരെ പ്രതിഭയെന്ന് വിളിച്ചാല്‍ അത് പകലിനെ രാത്രിയെന്നും രാത്രിയെ പകലെന്നും വിളിക്കുന്നതിന് തുല്യമാണ്.
നമ്മുടെ സിനിമകളുമായി സമീപിക്കാന്‍ ഇന്നീ രാജ്യത്ത് ഒരൊറ്റ അന്താരാഷ്ട്ര സ്റ്റുഡിയോയും നിലവിലില്ല. സിനിമാ മാഫിയാ സംഘം ഈ വ്യവസ്ഥിതി മുഴുവനായും കൈയ്യടക്കി എല്ലാം തരിപ്പണമാക്കിയെന്നും അവര്‍ പറഞ്ഞു. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ ഈ സിനിമയ്ക്കുവേണ്ടി എല്ലാം നഷ്ടപ്പെടുത്തിയെന്നും ഇനിയും എത്ര സ്റ്റുഡിയോകള്‍ ഈ കോമാളികള്‍ കാരണം പൂട്ടുമെന്നും ഫിലിം അനലിസ്റ്റ് സുമിത് കേഡലിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കങ്കണ ചോദിച്ചു. എന്നാല്‍ ഈ ട്വീറ്റ് വ്യാജമാണെന്ന് വ്യക്തമാക്കി സുമിത് രംഗത്തെത്തുകയും ചെയ്തു.
എമര്‍ജന്‍സിയാണ് കങ്കണയുടേതായി വരാനിരിക്കുന്ന ചിത്രം. നടി തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദിരാഗാന്ധിയായാണ് കങ്കണ എമര്‍ജന്‍സിയിലെത്തുന്നത്.
Content Highlights: Brahmastra Box Office Collection, Kangana Ranaut says Fake Collection, Ranbir Kapoor, Alia Bhatt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..