ബോളിവുഡ് താരം കരീന കപൂറിനെതിരേ ട്വിറ്ററിൽ ബഹിഷ്കരണാഹ്വാനം. രാമായാണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സീത-ദി ഇൻകാർനേഷനി'ൽ കരീന കപൂറിനെ നായികയാക്കാനുള്ള നീക്കത്തിനെതിരെയാണ്​ പ്രതിഷേധം.

സീതയായി അഭിനയിക്കാൻ ഹിന്ദു നടി മതിയെന്നാണ് ഒരു വിഭാ​ഗം പേർ ആവശ്യമുന്നയിക്കുന്നത്. ഹിന്ദു സംസ്കാരത്തെ ബഹുമാനിക്കുന്ന മറ്റേതെങ്കിലും താരം ആ വേഷം ചെയ്യണമെന്നും കങ്കണ, യാമി ​ഗൗതം തുടങ്ങിയവരെ പരി​ഗണിക്കണമെന്നുമാണ് ഇവരുടെ അഭിപ്രായം. ഇതിനെത്തുടർന്ന് 'ബോയ്​കോട്ട്​ കരീന കപുർ ഖാൻ' എന്ന ഹാഷ്​ ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്​ ആണ്. സീതയേക്കാൾ ശൂർപ്പണഖയുടെ വേഷമാണ്​ കരീനക്ക്​ ചേരുക എന്ന തരത്തിൽ അവഹേളനങ്ങളും ശക്തമാണ്.

'സീതയുടെ വേഷം അവർ അർഹിക്കുന്നില്ല, അതുകൊണ്ട് കരീനയെ ബഹിഷ്കരിക്കുക, ഹൈന്ദവ ദൈവങ്ങളെ ആദരിക്കാത്ത ഒരു നടി ഈ വേഷം ചെയ്യരുത്, തൈമൂർ അലി ഖാൻറെ അമ്മയ്ക്ക് സീതയാകാനാവില്ല, സെയ്​ഫ്​ അലി ഖാൻ താണ്ഡവിലൂടെ ഹിന്ദു വികാര​ത്തെ വ്രണപ്പെടുത്തി, അത്​ ഇനി ആവർത്തിക്കാൻ അനുവദിക്കില്ല, ഹിന്ദുക്കൾക്കെതിരെ ബോളിവുഡ്​ മാഫിയ വിഷം പ്രചരിപ്പിക്കുന്നു' എന്നിങ്ങനെ പോകുന്നു ട്വിറ്ററിലെ പ്രതിഷേധം.

എന്നാൽ പ്രതിഷേധം ശക്തമായതോടെ ഈ വാർത്തകൾ തള്ളി സിനിമയുടെ അണിയറപ്രവർത്തകർ രംഗത്തെത്തി. സിനിമ ആരംഭഘട്ടത്തിലാണെന്നും താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്നും അണിയറപ്രവർത്തകർ ട്വീറ്റിലൂടെ വ്യക്തമാക്കി.

content highlights : boycott kareena kapoor trending in twitter over sita character in new movie