കണ്ണിറുക്കി വാര്‍ത്തകളിലിടം നേടിയ പ്രിയ വാര്യര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പേരിലാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം. 

ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതോടെ ടീസറിനെച്ചൊല്ലി വിവാദങ്ങളും തലപൊക്കിയിരിക്കുകയാണ്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയാണ് വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത്.

ഇതിന് പുറമേ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍. തങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്  ലഭിച്ച കാര്യം ശ്രീദേവി ബംഗ്ലാവിന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച ബോണി കപൂറില്‍നിന്നു ഞങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിക്കുകയുണ്ടായി. അതിനെ നേരിടാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. എന്റെ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആണ്. ശ്രീദേവി ഒരു പൊതുവായുള്ള പേരാണെന്ന് ഞാന്‍ അദ്ദഹത്തോട് (ബോണി കപൂര്‍) പറഞ്ഞതാണ്. എന്റെ കഥാപാത്രത്തിന്റെ പേരും അത് തന്നെയാണ്. അവരും ഒരു അഭിനേത്രിയാണ്. വക്കീല്‍ നോട്ടീസ് ഞങ്ങള്‍ നേരിടും. പ്രശാന്ത് പറയുന്നു 

ശ്രീദേവി ബംഗ്ലാവ് ഒരു നടിയുടെ കഥയാണെന്നും ദുരൂഹതകള്‍ ഉണ്ടെന്നും ടീസറില്‍ സൂചനകളുണ്ട്. കുളിമുറിയിലെ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന താരത്തിന്റെ ഒരു ഷോട്ടും ടീസറിലുണ്ട്.  ഇതാണ് നടി ശ്രീദേവിയുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട കഥയാണോ ചിത്രം പറയുന്നതെന്ന സംശയങ്ങള്‍ക്ക് ഇടയാക്കിയത്.  ശ്രീദേവി മരിച്ചു കിടന്നതും ബാത്ടബ്ബിലാണ്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ടീസര്‍ ലോഞ്ചിനോട് അനുബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം പ്രിയയോട് ചോദിക്കുകയുണ്ടായി. 

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശ്രീദേവി എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥയെന്നും ദേശീയ അവാര്‍ഡ് ഒക്കെ നേടിയ ഒരു സൂപ്പര്‍ താരത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പ്രിയ പറയുന്നു.

എന്നാല്‍, അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണോ ഇതെന്ന് അറിയാന്‍ സിനിമ പുറത്തിറങ്ങും വരെ കാത്തിരിക്കണമെന്നും അത് പ്രേക്ഷകര്‍ തന്നെ കണ്ട് തീരുമാനിക്കണമെന്നുമാണ് ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രിയ നല്‍കിയ മറുപടി. എഴുപത് കോടി ബഡ്ജറ്റിലാണ് ചിത്രം പൂര്‍ത്തിയാകുന്നത്. 

Content highlights : Boney Kapoor Slaps legal notice on Priya Varrier Bollywood Movie Sreedevi Bungalow