വീട്ടിലെ ജോലിക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ താനും മക്കളും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുമെന്ന് നിര്‍മ്മാതാവ് ബോണി കപൂര്‍. ബോണി കപൂറിന്റെ മകളും നടിയുമായ ജാന്‍വി കപൂര്‍ പിതാവിന്റെ സന്ദേശമടങ്ങുന്ന കുറിപ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏവരും വീടുകളില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിര്‍ദേശത്തോടെയാണ് കുറിപ്പ്.

ബോണി കപൂറിന്റെ സന്ദേശമിങ്ങനെ

ഞങ്ങളുടെ വീട്ടില്‍ ജോലി ചെയ്യുന്ന 23 വയസ്സുള്ള ചരണ്‍ സാഹുവിന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച്ച വൈകീട്ട് മുതല്‍ അയാള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ടെസ്റ്റുകള്‍ക്കായി അയച്ചു. പിന്നീട് ഐസോലേഷനിലേക്ക് മാറ്റി. ടെസ്റ്റ് റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. ബി.എം.സി. അയാളെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റാന്‍ പറഞ്ഞു. 

വീട്ടില്‍ ഞാനും എന്റെ മക്കളും മറ്റു ജോലിക്കാരുമുണ്ട്. ഞങ്ങള്‍ എല്ലാവരും സുഖമായിത്തന്നെ ഇരിക്കുന്നു. ഞങ്ങളിലാര്‍ക്കും ലക്ഷണങ്ങളില്ല. ലോക്ഡൗണ്‍ തുടങ്ങിയ അന്ന് മുതല്‍ വീടിനു പുറത്തിറങ്ങിയിട്ടില്ല. ഇനി അടുത്ത 14 ദിവസത്തേക്കു കൂടി സെല്‍ഫ് ക്വാറന്റൈനിലിരിക്കും. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും തരുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ. കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ ഉടനെ പ്രതികരിച്ച മഹാരാഷ്ട്ര സര്‍ക്കാരിനും ബി.എം.സി.ക്കും നന്ദി.

വ്യാജവാര്‍ത്തകള്‍ പ്രചരിക്കാനെളുപ്പമാണല്ലോ. അതുകൊണ്ടാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഞങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായിത്തന്നെയിരിക്കും. ചരണ്‍ അസുഖം ഭേദപ്പെട്ട് വേഗം തിരിച്ചുവരുമെന്ന് പ്രാര്‍ഥിക്കുന്നു.

boney kapoor

Content Highlights : boney kapoor producer jahnvi kapoor in self quarantine for 14 days houseworker tests corona positive