മിതാഭ് ബച്ചന്‍, തപ്‌സി പന്നു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ പിങ്ക് തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. അജിത് പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറാണ്. കാര്‍ത്തി നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം തീരന്‍ അധികാരം ഒന്‍ട്രു സംവിധാനം ചെയ്ത എച്ച്. വിനോദാണ് ഈ ചിത്രം ഒരുക്കുന്നത്.

ജനുവരി 10 ന് പുറത്തിറങ്ങിയ അജിതിന്റെ വിശ്വാസം എന്ന ചിത്രം കാണാന്‍ ബോണി കപൂര്‍ ചെന്നൈയില്‍ എത്തിയിരുന്നു. അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് ശ്രീദേവിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നുവെന്ന് ബോണി കപൂര്‍ പറഞ്ഞു. സിനിമാപ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 

ശ്രീയുടെ വലിയ ആഗ്രഹമായിരുന്നു, അവളുടെ നിര്‍ബന്ധമായിരുന്നു അത്. പിങ്ക് റീമേക്കില്‍ അജിത്ത് അഭിനയിക്കാമെന്ന് സമ്മതിച്ചപ്പോള്‍ ഞങ്ങള്‍ വീട്ടില്‍ വലിയ ആഘോഷങ്ങള്‍ ഒരുക്കി. അവളുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അജിത്തിന് മാത്രമേ ഇനി സാധിക്കൂ. അവള്‍ അത് എവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കാം- വികാരാധീനനായി ബോണി കപൂര്‍ പറഞ്ഞു.

ഗൗരി ഷിന്‍ഡെ ശ്രീദേവിയെ കേന്ദ്രകഥാപാത്രമാക്കി 2012 ല്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തില്‍ അജിത്ത് ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അതിഥി വേഷത്തിലാണ് അജിത്ത് എത്തിയത്.

അമിതാഭ് ബച്ചന്‍ ചെയ്ത വക്കീല്‍ വേഷമാണ് അജിത്ത് അവതരിപ്പിക്കുന്നത്. നസ്രിയ നസീം ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

2016 ല്‍ പുറത്തിറങ്ങിയ പിങ്ക് ഒരു സോഷ്യല്‍ ത്രില്ലറാണ്. അനിരുദ്ധാ റോയ് ചൗധരി സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയം നേടി. ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

Content Highlights: Boney Kapoor opens up about pink remake thala ajith sreedevi's wish sreedevi demise