ഇന്ത്യൻ സിനിമയ്ക്കും ആരാധകർക്കും ഇന്നും വിശ്വസിക്കാനായിട്ടില്ല നടി ശ്രീദേവിയുടെ മരണം. ഇന്ത്യൻ സിനിമയുടെ തന്നെ മുഖശ്രീ ആയിരുന്ന ശ്രീദേവിയുടെ 57-ാം ജന്മ​ദിനമായിരുന്നു കഴിഞ്ഞ ദിവസം. ശ്രീ അരികിലില്ലാത്ത ഈ ജന്മദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ.

"നീ ഞങ്ങളെ വിട്ടു പോയ ഈ 900 ദിവസങ്ങളിലും ഓരോ നിമിഷവും ഞാൻ നിന്നെ മിസ് ചെയ്തുകൊണ്ടേ ഇരിക്കുന്നു ജാൻ. പ്രത്യേകിച്ചും ഇന്നലെ, ​ഗുൻജൻ സക്സേനയിലെ പ്രകടനത്തിന് ജാനുവിന് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നത് കാണുമ്പോൾ നിന്റെ മുഖത്തെ ആഹ്ളാദം ഞങ്ങൾ മിസ് ചെയ്തു. നീ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആ​ഗ്രഹിച്ചു പോവുന്നു. ഞങ്ങളുടെ സന്തോഷം നീയില്ലാതെ അപൂർണമാണ്. എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകൾ..". ശ്രീദേവിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ബോണി കപൂർ കുറിച്ചു.

2018 ഫെബ്രുവരി 24 നാണ് ശ്രീദേവി മരണപ്പെടുന്നത്. ദുബായിലെ ഹോട്ടലിലെ ബാത്ടബ്ബിൽ വീണായിരുന്നു ശ്രീദേവിയുടെ മരണം. എന്നാൽ ഇതിനെ ചൊല്ലി പല അഭ്യൂഹങ്ങളും പരന്നെങ്കിലും മുങ്ങിമരണം തന്നെയാണെന്ന് സ്ഥിരീകരിച്ചാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്. മകൾ ജാൻവിയുടെ സിനിമാ അരങ്ങേറ്റമായിരുന്നു ശ്രീദേവി ഏറെ ആ​ഗ്രഹിച്ച കാര്യം. എന്നാൽ അത് കാണാനാകാതെയാണ് ശ്രീദേവി വിടവാങ്ങിയതെന്നത് കുടുംബാം​ഗങ്ങളെ ഇന്നും ഏറെ വേദനിപ്പിക്കുന്നു.

ശ്രീദേേവിയുടെ മരണ ശേഷമാണ് ജാൻവിയുടെ ആദ്യ ചിത്രം ധ‍ടക് റിലീസിനെത്തിയത്. ജാൻവിയുടെ കരിയറിലെ നാലാമത്തെ ചിത്രമാണ് ​ഗുൻജൻ സക്സേന. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റ് ​ഗുഞ്ജൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. മികച്ച പ്രതികരണമാണ് ​ഗുൻജൻ ആയെത്തിയ ജാൻവിയുടെ പ്രകടനത്തിന് ലഭിക്കുന്നത്.

Content Highlights :Boney Kapoor Emotional Note On Sridevis Birthday Jhanvi Kapoor Khushi Kapoor