വാഷിംഗ്ടണ്‍: ഹോളിവുഡ് നടി ടാന്യ റോബര്‍ട്‌സ് (65) അന്തരിച്ചു. കഴിഞ്ഞ ദിവസം നടിയുടെ ജീവിതപങ്കാളി ലാന്‍സ് ഒബ്രയാന്‍ ടാന്യയുടെ മരണവാര്‍ത്ത മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. എന്നാല്‍, അതിന് തൊട്ടുപിന്നാലെ അവരുടെ പ്രതിനിധി മൈക്ക് പിംഗിള്‍ മരണവാര്‍ത്ത നിഷേധിച്ചു. ടാന്യ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു മൈക്ക് പിംഗിള്‍ പറഞ്ഞത്. തിങ്കളാഴ്ച രാത്രിയോടെ നടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ക്രിസ്മസ് തലേന്ന് വളര്‍ത്തുനായയുമായി നടക്കാന്‍ ഇറങ്ങിയ സമയത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ടാന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോവിഡ് മൂലമാണ് ടാന്യ മരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, നടിയ്ക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

വിക്ടോറിയ ലേ ബ്ലം എന്നാണ് ടാന്യയുടെ യഥാര്‍ത്ഥ പേര്. ആദ്യകാലത്ത് മോഡലായിരുന്ന ടാന്യ, 1975-ല്‍ ഇറങ്ങിയ ഫോഴ്‌സ്ഡ് എന്‍ട്രിയിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്. 85-ല്‍ റോജര്‍ മൂറിനൊപ്പം എ വ്യൂ ടു എ കില്‍ എന്ന ജയിംസ് ബോണ്ട് ചിത്രത്തില്‍ നായികയായി. റാക്വെറ്റ് (1977), ദ് ബീസ്റ്റ് മാസ്റ്റര്‍ (1982), ഷീന: ദ് ക്വീന്‍ ഓഫ് ജംഗിള്‍ (1984), നൈറ്റ് അയ്‌സ് (1990) എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ചാര്‍ലീസ് ഏഞ്ചല്‍സ് അടക്കം നിരവധി ടെലിവിഷന്‍ സീരിസുകളുടേയും ഭാഗമായി. 2005-ല്‍ പുറത്തിറങ്ങിയ ബാര്‍ബര്‍ ഷോപ്പെന്ന സീരിസിലാണ് അവസാനം അഭിനയിച്ചത്. പരേതനായ ബാരി റോബര്‍ട്‌സ് ആണ് ഭര്‍ത്താവ്.

Content Highlights: Bond girl Hollywood Actress Tanya Roberts dies day after premature death announcement, James Bond 007, Charlie's Angels