കിങ്‌സ്റ്റണ്‍: നായകന്‍ ഡാനിയല്‍ ക്രെയ്​ഗിന് പരിക്കേറ്റതിനെ തുടര്‍ന്ന് പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു. ജമൈക്കയിലെ പൈന്‍വുഡ് സ്റ്റുഡിയോസിലായിരുന്നു ചിത്രീകരണം. സിനിമയുടെ അവസാന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. ബോണ്ട് 25 എന്നാണ് ഇതിന്റെ വര്‍ക്കിങ് ടൈറ്റില്‍.

ചിത്രീകരണത്തിനിടെ ക്രെയ്​ഗിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. ഉടനെ അമേരിക്കയിലേയ്ക്ക് കൊണ്ടുപോയ ക്രെയ്​ഗിനെ വിദഗ്ദ്ധ പരിശോധനകള്‍ക്ക് വിധേയനാക്കി. എന്നാൽ, ഇനി എന്ന് ചിത്രീകരണം പുന:രാരംഭിക്കാനാവുമെന്ന് വ്യക്തമല്ല.

പരിക്കേറ്റതിനെ തുടര്‍ന്ന് ഷൂട്ടിങ് മുടങ്ങിയത് അറിഞ്ഞ ക്രെയ്​ഗ് രോഷാകുലനായി സ്യൂട്ടൊക്കെ വലിച്ചെറിഞ്ഞാണ് സെറ്റ് വിട്ടതെന്നാണ് അറിയുന്നത്. 

തന്റെ ആദ്യ ബോണ്ട് ചിത്രമായ കാസിനോ റോയലിന്റെ ചിത്രീകരണത്തിനിടയിലും ക്രെയ്​ഗിന് നിരവധി തവണ പരിക്കേറ്റിരുന്നു. അതുപോലെ ക്വാണ്ടം ഓഫ് സോളസിന്റെയും 2015ല്‍ പുറത്തിറങ്ങിയ സ്‌പെക്ടറിന്റെയും ചിത്രീകരണങ്ങള്‍ക്കിടയിലും ഇതുപോലെ തോളിലെ പേശികള്‍ക്കും കണങ്കാലിനും പരിക്കേറ്റ ചരിത്രമുണ്ട് ക്രെയ്​ഗിന്.

ബോണ്ട് 25ന് നായകന്റെ പരിക്ക് ആദ്യത്തെ തിരിച്ചടിയല്ല. നേരത്തെ തന്നെ നിര്‍മാതാക്കളായ ബാര്‍ബറ ബ്രൊക്കോളിയും മൈക്കല്‍ ജി വില്‍സണുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് സംവിധായകന്‍ ഡാനി ബോയല്‍ ചിത്രം ഉപേക്ഷിച്ചുപോയിരുന്നു. കാരി ജോജി ഫുകുനാഗയാണ് പുതിയ സംവിധായകന്‍. അതുകൊണ്ട് തന്നെ ഏറെ വൈകിയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനായത്. നേരത്തെ നിശ്ചയിച്ചിരുന്ന റിലീസ് തിയ്യതിയും മാറ്റേണ്ടിവന്നു. 2020 ഏപ്രില്‍ എട്ടാണ് പുതിയ റിലീസ് തിയ്യതി. ചിത്രീകരണം വീണ്ടും മുടങ്ങിയത് റിലീസിന് പ്രശ്‌നമാകുമോ എന്നൊരു ആശങ്ക അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.

ജമൈക്കയില്‍ അവധി ആഘോഷിച്ചുകൊണ്ടിരിക്കുന്ന ബോണ്ടിന് പഴയ സുഹൃത്ത് ഫെലിക്‌സ് ലെയ്റ്ററുടെ അപേക്ഷ അനുസരിച്ച് കാണാതായ ഒരു ശാസ്ത്രജ്ഞനെ കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുക്കേണ്ടിവരുന്നതാണ് പുതിയ ചിത്രത്തിന്റെ ഇതിവൃത്തം. ഈ യാത്രയില്‍ അപകടകരമായ പല സാങ്കേതികവിദ്യകളുടെയും പരീക്ഷണങ്ങള്‍ ബോണ്ടിന് നേരിടേണ്ടിവരുന്നുണ്ട്. ലണ്ടന്‍, ഇറ്റലി, നോര്‍വെ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍.

പിയേഴ്‌സ് ബ്രോസ്‌നന്റെ പിന്‍ഗാമിയായെത്തിയ ഡാനിയല്‍ ക്രെയ്​ഗിന്റെ അഞ്ചാമത്തെ ബോണ്ട് ചിത്രമാണിത്. കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സോളസ്, സ്‌കൈഫോള്‍, സ്‌പെക്ടര്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

Conent Highlights: Bond 25 Movie Shooting Suspends Shooting After Daniel Craig Injury Hollywood Jamaica