മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേശ് മുഷറഫിന്റെ ബന്ധുവിന്റെ മെഹന്ദിചടങ്ങില്‍ പാട്ടുപാടിയ പിന്നണി ഗായകന്‍ മികാ സിങ്ങിന് ബോളിവുഡില്‍ വിലക്ക്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനാണ് സിങ് ഈസ് കിങ്ങിലെ ബാസ് ഏക കിങ് പോലുള്ള ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച മികായെ ഇന്ത്യന്‍ സിനിമകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മികയെ ബഹിഷ്‌കരിക്കാനും തീരുമാനിച്ചതായി സംഘടന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വിവിധ നിര്‍മാണ കമ്പനികള്‍, മ്യൂസിക് കമ്പനികള്‍ തുടങ്ങിവയുമായി മിക സഹകരിക്കുന്നതിനാണ് വിലക്കുള്ളതെന്ന് പ്രസിഡന്റ് സുരേഷ് ഗുപ്ത വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന 370-ാം അനുച്‌ഛേദം എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ മികാ രാജ്യത്തിന പകരം പണത്തിനാണ് മുന്‍തൂക്കം നല്‍കിയതെന്നും വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

മുഷ്‌റഫിന്റെ കോടീശ്വരനായ ബന്ധു അദ്‌നന്‍ ആസാദിന്റെ മകളുടെ വിവാഹച്ചടങ്ങിലാണ് മികാ സിങ് പതിനാലംഗ സംഘത്തോടൊപ്പം സംഗീത പരിപാടി അവതരിപ്പിച്ചത്. കറാച്ചിയില്‍ നടന്ന  സംഗീതപരിപാടിയുല്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദാവൂദ് സംഘത്തിലെ പ്രധാനികളായ ഛോട്ടാ ഷക്കീല്‍, അനീസ് ഇബ്രാഹിം എന്നിവരുടെ പ്രവര്‍ത്തന കേന്ദ്രത്തിന് അടുത്തായിരുന്നു ചടങ്ങ് നടന്ന വേദി. ഏതാണ്ട് ഒരു കോടി രൂപയാണ് മികാ ഈ ചടങ്ങിനായി പ്രതിഫലം പറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

സംഗീത പരിപാടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതു മുതല്‍ മികായ്‌ക്കെതിരേ വന്‍ ആക്രമണമാണ് നടക്കുന്നത്. ബോളിവുഡ് പാകിസ്താനില്‍ നിരോധം നേരിടുമ്പോള്‍ ഇവിടെ നിന്നുള്ള ഗായകര്‍ അവിടേയ്ക്ക് പറന്ന് അവര്‍ക്കുവേണ്ടി പാടുന്നു. എന്നായിരുന്നു പ്രധാന വിമര്‍ശനം.

ബോളിവുഡ് സിനിമകള്‍ക്കും കലാകാരന്മാര്‍ക്കും പാകിസ്താനില്‍ വിലക്ക് നേരിടേണ്ടിവരുമ്പോഴും മികായ്ക്കും സംഘത്തിനും കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനായി 30 ദിവസത്തെ വിസയാണ് പാകിസ്താന്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഒരു പാക് വെബ്‌സൈറ്റാണ് ഇതിന്റെ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

Content Highlights: Bollywood Singer Mika Singh faces ban after his performance in Pakistan Pervez Musharraf Dawood