രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിക്കൊണ്ട് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീടിനോടു ചേര്‍ന്നുള്ള ഓഫീസ് മുറി ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കു വിട്ടു നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ഷാരൂഖിന്റെ വീടിനോടു ചേര്‍ന്ന നാലു നിലയുള്ള ഓഫീസ് മുറി ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായാണ താരം വിട്ടു നല്‍കിയത്. 

എങ്ങനെയാണ് 'മന്നത്തി'നോടു ചേര്‍ന്നുള്ള ഓഫീസ് മുറി ക്വാറന്റൈന്‍ മേഖലയാക്കിത്തീര്‍ത്തതെന്ന് കാട്ടിത്തരികയാണ് ഇപ്പോള്‍ ഗൗരി ഖാന്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ഈ കുഞ്ഞുവീഡിയോയിലൂടെ. ഡിസൈനറായ ഗൗരിയുടെ നേതൃത്വത്തിലാണ് ഓഫീസ് മുറിയെ ക്വാറന്റൈന്‍ ക്വാര്‍ട്ടേഴ്‌സ് ആക്കിമാറ്റിയത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി 22 കിടക്കകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. കോവിഡ് 19നെ ചെറുക്കാന്‍ മെഡിക്കല്‍ കിറ്റുകള്‍ അടക്കമുള്ള മറ്റ് അവശ്യസാധനങ്ങളും ക്വാര്‍ട്ടേഴ്‌സില്‍ ലഭ്യമാണ്. 

ഖാന്റെ പ്രവൃത്തിയില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നന്ദി രേഖപ്പെടുത്തിയിരുന്നു.

മുംബൈയിലുള്‍പ്പെടെ കൊറോണ വ്യാപനം കനത്തതോടെ രാപ്പകലില്ലാതെ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വിശന്നു വലഞ്ഞവര്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യാനും മുന്‍പന്തിയില്‍ കിങ് ഖാന്‍ ഉണ്ടായിരുന്നു. ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്ന ദിവസവേതനക്കാര്‍ക്ക് പണമെത്തിക്കുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുകയും ചെയ്തു. 

Content Highlights : bollywood king shah rukh khan's four storeyed office turned into quarantine zone video