താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്ന് ആരോപിച്ച് കളേഴ്‌സ് ടി.വിക്കെതിരേ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം താപ്‌സി പന്നു.

കളേഴ്‌സിലെ ഹിറ്റ് ഷോയായ ബിഎഫ്എഫ് വിത്ത് വോഗ് എന്ന പരിപാടിയില്‍ താപ്‌സി പന്നു പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ നടന്‍ വിക്കി കൗശല്‍ വ്യത്യസ്തനാണെന്നും മറ്റ് ആണുങ്ങളെല്ലാം വൃത്തികെട്ടവരാണെന്നും താപ്‌സി പറഞ്ഞു എന്നാണ് വാര്‍ത്ത പ്രചരിച്ചത്. ആണുങ്ങളെ വൃത്തികെട്ട പദപ്രയോഗം കൊണ്ട് അടച്ചാക്ഷേപിച്ചുവെന്ന് ആരോപിച്ച് താപ്‌സി പന്നുവിനെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ട്വിറ്ററിലൂടെ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടി.

Taapsee Pannu

കാഴ്ചക്കാരെ ഉണ്ടാക്കാനും ടിആര്‍പി റേറ്റിങ് ലഭിക്കാനും എന്തു ചെയ്യാം എന്ന ചാനലിന്റെ ദയനീയാവസ്ഥ എന്ന അമ്പരിപ്പിക്കുകയാണ്. അവര്‍ തെറ്റായി വ്യാഖ്യാനിക്കുകയല്ല, എന്നെ തെറ്റായി ഉദ്ധരിക്കുകയാണുണ്ടായത്. ഞാന്‍ ഇക്കാര്യം പറയുന്നതിന്റെ ദൃശ്യങ്ങള്‍ കാണിക്കാമെങ്കില്‍ അത് നന്നാവുമായിരുന്നു. ഇത് വില കുറഞ്ഞ ഒരു കാര്യമായിപ്പോയി-നോട്ട്കൂള്‍, ചീപ്പ് സ്റ്റണ്ട് തുടങ്ങിയ ഹാഷ്ടാഗുകള്‍ക്കൊപ്പം ക്ഷോഭം മറച്ചുവയ്ക്കാതെ തന്നെ താപ്‌സി പന്നു ട്വീറ്റ് ചെയ്തു.

ഷോയുടെ ഒരു പ്രൊമോ വീഡിയോയെ ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങള്‍ താപ്‌സി പന്നുവിന്റെ വിവാദ അഭിപ്രായപ്രകടനം റിപ്പോര്‍ട്ട് ചെയ്തത്. കളേഴ്‌സ് ഇന്‍ഫിനിറ്റി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ നന്നായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

അനുരാഗ് കശ്യപിന്റെ മന്‍മര്‍സിയാനില്‍ ഒന്നിച്ച് അഭിനയിച്ച താരങ്ങളാണ് താപ്‌സിയും വിക്കി കൗശലും. അഭിഷേക് ബച്ചനായിരുന്നു ചിത്രത്തിലെ നായകന്‍. ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന്റെ സെറ്റിലെത്തുന്നതിന് മുന്‍പ് തന്നെ വാട്‌സാപ്പിലൂടെ തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ചാനല്‍ പരിപാടിയില്‍ താപ്‌സി പറയുന്നുണ്ട്.

വിവാഹം കഴിക്കാന്‍ എല്ലാം കൊണ്ടും യോഗ്യനാണ് വിക്കി കൗശലെന്നും പരിപാടിയില്‍ താപ്‌സി പറയുന്നുണ്ട്. കാമുകി ഹര്‍ലീന്‍ സേഥിയുമായി പിരിഞ്ഞുകഴിയുകയാണ് വിക്കി കൗശല്‍.

Content Highlights: Bollywood actress Taapsee Pannu Says She didnt Say That Against Men Slams TV Channel