sana
ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബിഗ് ബോസ് മുൻ മത്സരാർത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാൻ. താരത്തിന്റെ വിവാഹവും സിനിമയിൽ നിന്നുള്ള പിന്മാറ്റവുമെല്ലാം ഏറെ ചർച്ചയായതാണ്.
സിനിമയുടെ ഗ്ലാമർലോകത്ത് നിന്നും വിടപറഞ്ഞ് ആത്മീയ വഴി സ്വീകരിക്കുന്നുവെന്ന് താരം വ്യക്തമാക്കിയതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു വിവാഹം. ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭർത്താവ്.
സിനിമയോടും അഭിനയത്തോടും വിട പറഞ്ഞുവെങ്കിലും ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം. വിവാഹശേഷം ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇത്തരത്തിൽ ഒരു ചിത്രത്തിന് വന്ന കമന്റിന് സന നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഹിജാബും പർദയും അണിഞ്ഞുള്ള ചിത്രം സന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. "പർദ്ദയ്ക്കുള്ളിൽ ഒളിച്ചിരിക്കാനാണെങ്കിൽ നിങ്ങൾ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്" എന്നാണ് ഇതിന് താഴെ ഒരാൾ കമന്റ് ചെയ്തത്.
"സഹോദരാ, പർദ്ദയണിഞ്ഞുവെങ്കിലും ഞാനെന്റെ കാര്യങ്ങൾ നോക്കുന്നുണ്ട്. നല്ലവനായ ഭർത്താവും ഭർതൃവീട്ടുകാരും ഉണ്ട്. ഇതിൽ കൂടുതൽ എന്താണ് എനിക്ക് വേണ്ടത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവം എന്നെ ഓരോ രീതിയിലും സംരക്ഷിക്കുന്നു. മാത്രമല്ല, ഞാനെന്റെ വിദ്യാഭ്യാസവും പൂർത്തിയാക്കിയിട്ടുണ്ട്. ഇതൊരു വിജയമല്ലേ" എന്നാണ് സന ഈ കമന്റിന് നൽകിയ മറുപടി.
ഇതിന് മുമ്പും നിരവധി ട്രോളുകളും മോശം കമന്റുകളും സനയെ തേടി എത്തിയിട്ടുണ്ട്. തന്റെ പൂർവകാല ജീവിതത്തെക്കുറിച്ച് വീഡിയോകൾ തയ്യാറാക്കി മാനസികമായി തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ നേരത്തെ താരം രംഗത്തെത്തിയിരുന്നു. "ഒരു വ്യക്തി മാനസാന്തരപ്പെട്ടു കഴിഞ്ഞാൽ അയാളുടെ പൂർവകാലം ചികയുന്നത് പാപമാണെന്ന് അറിയില്ലേ. ഇത് പൈശാചികമാണ്, പിന്തുണയ്ക്കാനാകില്ലെങ്കിൽ നന്നായി പെരുമാറാൻ, അല്ലെങ്കിൽ നിശബ്ദനായിരിക്കാൻ ശ്രമിക്കൂ"... എന്നാണ് സന സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
content highlights : Bollywood actress Sana Khan slams troll who mocked her hijab
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..