തിരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. സാമൂഹിക-സാംസ്‌കാരിക-സിനിമാ മേഖലകളില്‍ ഈ ചൂട് പടര്‍ന്നു കഴിഞ്ഞു. നിരവധി സിനിമാതാരങ്ങള്‍ ഇത്തവണ ജനവിധി തേടാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അതിന് പുറമേ വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  ബോധവത്കരണം നല്‍കിയും താരങ്ങള്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്നുമുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ വോട്ടില്ലാത്ത, ഇന്ത്യന്‍ പൗരത്വമില്ലാത്ത ചില ബോളിവുഡ് സെലിബ്രിറ്റികളുമുണ്ട്.  ബോളിവുഡിന്റെ ഖിലാഡി അക്ഷയ് കുമാറാണ് അക്കൂട്ടത്തില്‍ ഒരാള്‍.
 
പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വമാണുള്ളത്. അതിനാല്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാനാവില്ല.

സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളും നടിയുമായ ആലിയ ഭട്ടിന്റെ സ്ഥിതിയും ഇത് തന്നെയാണ്. ബ്രിട്ടീഷ് പൗരത്വമാണ് ആലിയക്കുള്ളത്.

ദീപിക പദുക്കോണാണ് ഇന്ത്യയില്‍ വോട്ടവകാശമില്ലാത്ത മറ്റൊരു ബോളിവുഡ് താരം. ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പൗരത്വമാണുള്ളത്.

നടി സണ്ണി ലിയോണിനും ഇന്ത്യയില്‍ വോട്ടവകാശം ഇല്ല. കാനഡയില്‍ ജനിച്ച സണ്ണി ലിയോണിന് അമേരിക്കന്‍ പൗരത്വമാണുള്ളത്.  കശ്മീര്‍ സ്വദേശി മുഹമ്മദ് കൈഫിന്റെയും ബ്രിട്ടീഷ് അഭിഭാഷകയായ സുസൈനിന്റെയും മകളായി ജനിച്ച നടി കത്രീന കൈഫിനും ബ്രിട്ടീഷ് പൗരത്വമാണുള്ളത്.

ആമിര്‍ഖാന്റെ മരുമകനും നടനുമായ ഇമ്രാന്‍ഖാനും അമേരിക്കന്‍ പൗരത്വമാണുള്ളത് എന്നതിനാല്‍ ഇന്ത്യയില്‍ വോട്ടവകാശമില്ല. ശ്രീലങ്കന്‍- മലേഷ്യന്‍ വംശജരായ മാതാപിതാക്കളുടെ മകളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും ഇരട്ടപൗരത്വമാണുള്ളത്.

Content Highlights : Bollywood Actors Who Cannot Vote In The 2019 General Elections In India Alia Deepika Sunny