'ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രമോ?  അതെന്താണ്ടോ?; കുറിപ്പുമായി ബി.കെ. ഹരിനാരായണന്‍


ബി.കെ. ഹരിനാരായണൻ | ഫോട്ടോ: മനൂപ് ചന്ദ്രൻ

ഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസില്‍ പ്രതിക്ക് ജാമ്യം നല്‍കിയ വിധിയില്‍ കോടതിയുടെ പരാമര്‍ശം വലിയ ചര്‍ച്ചയാവുകയാണ്. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലാണ് വിവാദ പരാമര്‍ശമുള്ളത്. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി 354-എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കുറിപ്പുമായി ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ രംഗത്തെത്തി. ലൈംഗികാകര്‍ഷണ പ്രകോപനയന്ത്രം, അഥവാ തുണി എന്ന ഹാഷ്ടാഗിലൂടെ ഒരു കഥയുടെ രൂപത്തിലാണ് അദ്ദേഹം കുറിപ്പെഴുതിയിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ആലിക്കാന്റെ ചായപ്പീട്യയുടെ ബെഞ്ചിലിരുന്ന്, ഗള്‍ഫ്ന്ന് മകന്‍ കൊടുത്തയച്ച സാംസങ്ങ് മൊബൈലില്‍ ചൊരണ്ടി ചൊരണ്ടി വാര്‍ത്ത നോക്കുകയാണ് വേലായേട്ടന്‍. വെള്ളെഴുത്തിന്റെ കണ്ണട കനംപോരാത്തതിനാല്‍ ചാഞ്ഞും ചരിഞ്ഞും നീട്ടിയും വളച്ചുമൊക്കെ കഷ്ടപ്പെട്ടാണ് വായന .( ഇന്ത്യന്‍ ടീമില്‍ ഇടം നഷ്ടപ്പെട്ട കളിക്കാരന്‍, രാഹുല്‍ ദ്രാവിഡിനെ നോക്കും പോലെ തൊട്ടുടുത്ത ബഞ്ചിലിരുന്ന ദിനപ്പത്രം വേലായേട്ടനെ ഈറയോടെ നോക്കുന്നുണ്ട് .'അനക്ക് അങ്ങനെ വേണം' എന്നര്‍ത്ഥത്തില്‍ )

പെട്ടെന്ന് ഒരു വാര്‍ത്ത വായിച്ച് വേലായേട്ടന്‍ ബീഡിച്ചുമ കലര്‍ന്ന് ഡോള്‍ബി ഡിജിറ്റലായ ശബ്ദത്തില്‍ ഒന്നുറക്കെ ചിരിച്ചു
' പരാതിക്കാരി ധരിച്ചത് ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങള്‍ . പ്രതിക്കെതിരായ ലൈംഗികപീഡന പരാതി നിലനില്‍ക്കില്ലെന്ന് കോടതി.
ചില്ലുകൂട്ടിലുള്ള മൂന്നുദിവസം പ്രായമായ ' ഉണ്ട ' അന്തിച്ചര്‍ച്ചയിലെ ആങ്കറെ പോലെ താടിക്ക് കൈ കൊടുത്ത് വേലായേട്ടനെ സാകൂതം നോക്കി
' ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രമോ? അതെന്താണ്ടോ?
മുട്ടിനു മീതേ കയറിപ്പോയ കള്ളിമുണ്ട് അറിയാതെ താഴ്ത്തി ആലിക്ക ചോദിച്ചു.
' ഇയ്യ് പ്പൊ താത്തിയ സാനം തന്നെടോ ...വേലായേട്ടന്‍ മുരടനക്കി പറയാന്‍ തുടങ്ങി.
'മ്മളെ അമ്പലക്കൊളത്തില് നേരം വെളിച്ചാമ്പൊ ഞാനടക്കം എത്ര ആണുങ്ങള്, ഒരു ഒറ്റക്കോണകോ, കുണ്ടി കാണണ ഷെഡ്ഡിയോ ഇട്ട് കുളിക്കണു. ന്നട്ട് ഇക്കണ്ട കാലം വരെ ഏതെങ്കിലും പെണ്ണ്ങ്ങള്‍ക്ക് എളക്കം ണ്ടായിണ്ടോ? ആണാ ച്ചാല്‍ എന്തും ആവാം അല്ലേ . ഇതിലും മീതെ എന്ത് പ്രകോപന വസ്ത്രാണ് പെണ്ണ് ഇട്ടിട്ടുള്ളത്. ഓരോരുത്തര് പോക്രിത്തരം കാണിച്ചിട്ട്, അതിന്‌കൊട പിടിക്കാന്‍ അതിനെക്കാ വല്യേ ന്യായം പറയേ
പ്രഷറിന്റെ മരുന്ന് നേരത്തിന് കഴിക്കാത്തതിനാല്‍ വേലായേട്ടന്‍ വിറയ്ക്കുന്നുണ്ട്.

ഇത് കേട്ട് വന്ന 'ഒന്നര ' സൈമേട്ടന്‍ തിലകന്റെ ശബ്ദത്തില്‍ പറഞ്ഞു.'കോടതിയ്‌ക്കെന്ത് കൊളം കൊളത്തിനെന്ത് കോടതി '

ഇതൊക്കെ കേട്ട് നിന്ന സൈക്കിള് കടക്കാരന്‍ സൈനു ന് വീണ്ടും സംശയം
അല്ല കഴിഞ്ഞൂസം കൊടിയുയര്‍ത്താന്‍ വന്നപ്പൊ, മ്മളെ റോസ്ലി മെമ്പറ് , അന്തിപ്രാര്‍ത്ഥനക്ക് വേദപുസ്തകം വായിക്കണ ഈണത്തില് ഭരണഘടന വായിച്ചില്ലേ. അതിന്റെ അനുച്ചേദം 19 ല് പറയണില്ലെ ഈ വസ്ത്രസ്വാതന്ത്ര്യം . മ്മക്ക് ഇഷ്ടള്ള വസ്ത്രം ധരിക്കാന്ന്
വേലായിയേട്ടന് ദേഷ്യം കൂടി .
അതന്ന്യാടോ പറഞ്ഞേ.
പിന്നെ നല്ല മുട്ടനായി എന്തൊക്കെയോ പിറ്പിറുത്തു ..
ശേഷം ,90 വയസ്സായ ആ വൃദ്ധന്‍ തന്റെ മുണ്ട് ഊരി തലയില്‍ കെട്ടി . ക്ലബിലെ പ്രായം ചെന്ന ചെസ് ബോര്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന കള്ളികളുള്ള വള്ളിക്കളസം മാത്രമിട്ട് , മൊബൈലുമെടുത്ത് ഇറങ്ങി. സെന്ററില്‍ , യൂണിയന്‍ ഷെഡിനടുത്ത്, കഴിഞ്ഞ ദിവസം ഉയര്‍ത്തപ്പെട്ട, ആകാശത്ത് പറന്നു കളിക്കുന്ന പതാകയെ ഒന്ന് തല പൊന്തിച്ച് നോക്കി. പിന്നെ റോഡ് മുറിച്ച് നടുന്നു പോയി.ബഞ്ചില്‍ കിടന്നിരുന്ന പത്രത്തിന്റെ തല ഭാഗം കാറ്റത്ത് ഒന്ന് മടങ്ങി.. കൈ മടക്കി സല്യൂട്ട് ചെയ്യും പോലെ

Content Highlights: BK Harinarayanan, Facebook post, civic chandran sexual abuse case court verdict controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented