Photo | https:||www.facebook.com|hari.narayanan.73307
മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം ചിത്രം നേടുന്ന വേളയിൽ ആറാട്ടിന്റെ മുഖ്യ സംവിധാന സഹായി ജയനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഗാനരചയിതാവ് ബി കെ ഹരിനാരായണൻ.
പോയ വർഷം ആഗസ്റ്റിലാണ് ജയന്റെ മരണം സംഭവിക്കുന്നത്.2006 മുതൽ ഉണ്ണിക്കൃഷ്ണനൊപ്പം ജയനുണ്ടായിരുന്നു. ബി ഉണ്ണികൃഷ്ണന്റെ സിനിമ ഇറങ്ങും മുന്നേ തലേദിവസം ജയന്റെ ഫോൺ വരുമായിരുന്നുവെന്ന് ഹരിനാരായണൻ ഓർക്കുന്നു. ജയനുള്ള ഓരോ പ്രിയപ്പെട്ടവരുടേയും പ്രാർത്ഥന കൂടിയാണ് 'ആറാട്ട്' എന്ന് ഹരിനാരായണൻ കുറിക്കുന്നു.
ഹരിനാരായണന്റെ വാക്കുകൾ
'ആറാട്ട്' ഇറങ്ങുകയാണ്. സിനിമാപ്പാട്ടെഴുത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ഗുരുനാഥനാണ് ഉണ്ണിസാർ. അവിടന്നങ്ങോട്ട് ഓരോ വഴിത്തിരിവിലും താങ്ങും, തണലും തന്നയാളാണ്. എപ്പോഴും, സാറിന്റെ സിനിമയിറങ്ങുന്നതിന്റെ തലേന്ന് ഹൃദയം ഇത്തിരി കൂടുതൽ മിടിയ്ക്കാറുണ്ട്. ഉണ്ണി സാറിന്റെ ഓരോ സിനിമ റിലീസിന്റെ തലേന്നും അവന്റെ കോൾ വരും.
" ഡോ നീ എവിടെയാ.. നാളെ രാവിലെ എത്തില്ലേ ?
റിലീസിനു തൊട്ടുമുമ്പുള്ള എല്ലാ ജോലികളും കഴിഞ്ഞ് കോലഴിയിൽ എത്തിയിട്ടേ ഉണ്ടാവൂ അവനപ്പോൾ. പിറ്റേന്ന് കാലത്ത് പൂവണി ക്ഷേത്രത്തിലും വടക്കുംനാഥനിലും ഒക്കെ തൊഴുത് ആദ്യ ഷോവിന് അരമണിക്കൂർ മുന്നെയെങ്കിലും അവൻ തീയറ്ററിൽ എത്തും.
" ഡാ ഷമീർ ഇപ്പൊ എത്താമെന്ന് പറഞ്ഞിട്ടുണ്ട് "..സ്വന്തം സിനിമ ഇറങ്ങുന്നതിനേക്കാൾ വലിയ ടെൻഷനാവും ആ മുഖത്ത്. പടം തുടങ്ങിക്കഴിഞ്ഞാൽ ,ശ്രദ്ധ മുഴുവൻ കാണികളുടെ മുഖത്താണ്. ഇൻട്രോ വർക്കായിട്ടില്ലേ ? ആ തമാശക്ക് ചിരി ഉണ്ടായില്ലേ ?
ആളുകൾക്ക് ലാഗ് ഫീൽ ചെയ്യുന്നുണ്ടോ ? അങ്ങനെ നൂറായിരം ചിന്തകളാണ്
ഇന്റർവെൽ ആയാൽ പലേടത്തേക്കും ഫോൺ വിളിച്ച് ചോദിക്കലാണ്. അവിടെ എങ്ങിനെ ? അപ്പുറത്തേ തിയ്യറ്ററിൽ ആളുകളുണ്ടോ ? ഇന്ന സീനിലെ ഡയലോഗിന് കയ്യടിയുണ്ടോ ? ഈ സ്ഥലത്ത് ലാഗ് തോന്നിയോ ?.തിരിച്ച് കയറുമ്പോഴും ടെൻഷാനാണ് ആ മുഖത്ത്. കഴിഞ്ഞ് ഇറങ്ങുമ്പോൾ നമ്മളോട് പലവട്ടം ചോദിക്കും എങ്ങിനെ എന്ന് .
പിന്നെ " എന്നാ നീ വിട്ടോ ,സാറ് വിളിക്കുന്നു " എന്നു പറഞ്ഞ് അടുത്ത ഫോണിലേക്ക് കടക്കും. .. സെക്കൻഷോക്ക് ആള് കയറിക്കഴിഞ്ഞേ തിയ്യറ്റർ പരിസരത്തു നിന്ന് വീട്ടിലേക്ക് മടക്കമുള്ളു. അടുത്ത ഒരാഴ്ചയോളം ഇത് തന്നെയാവും ദിനചര്യ.. വിരിഞ്ഞ പൂവിന് കാവൽ നിൽക്കുന്ന ചിത്രശലഭത്തെപ്പോലെ സിനിമക്ക് ചുറ്റും കാവലായി അവൻ.
ഇന്നലെ ആ പതിവുവിളി ഇല്ല. പക്ഷെ ഇന്നുമുതലുള്ള ഓരോ ഷോയ്ക്കും കാവലായി ഞങ്ങൾക്കൊപ്പം, സിനിമയ്ക്കൊപ്പം അവനുണ്ടാകും. ഒൻപതു ഗണങ്ങളിലും പെടാത്ത അദൃശ്യമാലാഖയെപ്പോലെ. ഉണ്ണിസാറിന്റെയടുത്ത് കൊണ്ടുപോയി പരിചയപ്പെടുത്തി ആദ്യമായി സിനിമയുടെ ഭാഗമാക്കിയവനാണ്. ഓരോ പാട്ടുവരുമ്പോഴും എഴുതുമ്പോഴും ആദ്യം വിളിച്ചു പറഞ്ഞിരുന്നത് അവനോടാണ് .ജയൻ, നിനക്കുള്ള ഓരോ പ്രിയപ്പെട്ടവരുടേയും പ്രാർത്ഥന കൂടിയാണ് 'ആറാട്ട്'.
Content Highlights : BK Harinarayanan about associate director Jayan Aaraattu movie B unnikrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..