പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നും വിവാഹം നടത്താന്‍ സഹായിക്കുമെന്ന വിവാദ പ്രസ്താവനയ്ക്ക് ശേഷം ബി.ജെ.പി എം.എല്‍.എ രാം കദം പുതിയ വിവാദക്കുരുക്കില്‍. ക്യാന്‍സര്‍ ബാധിച്ച് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടി സൊനാലി ബെന്ദ്രെയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ട്വീറ്റ് ചെയ്താണ് രാം കദം വെട്ടിലായത്. ജീവനോടെയിരിക്കുന്ന നടിക്ക് ആദരാഞ്ജലിയര്പ്പിച്ചതിനെ തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനമാണ് രാം കദ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഹിന്ദി, മറാത്തി സിനിമകളെ അടക്കിവാണ, അഭിനയ പ്രതിഭ കൊണ്ട് ആരാധകരെ കയ്യിലെടുത്ത നടി സൊനാലി ബെന്ദ്രെ അമേരിക്കയില്‍ വച്ച് മരണപ്പെട്ടുവെന്നും ആദരാഞ്ജലി അർപ്പിക്കുന്നുവെന്നുമായിരുന്നു രാം കദം ട്വീറ്റ് ചെയ്തത്.
സംഭവം വിവാദമായതോടെ എം.എല്‍.എ ട്വീറ്റ് പിന്‍വലിച്ച്, ക്ഷമാപണവുമായി രാം കദം രംഗത്തെത്തി. ശേഷം മറ്റൊരു ട്വീറ്റും ഇട്ടു. 'സൊനാലിജിയെ പറ്റി പരന്ന കിംവദന്തിയായിരുന്നു അത്. അവരുടെ രോഗം മാറാനും ആരോഗ്യം നന്നായിരിക്കാനും കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു'- എന്നായിരുന്നു പുതിയ ട്വീറ്റ്.
ആദരാഞ്ജലികള്‍ പിന്‍വലിച്ചെങ്കിലും ബിജെപി നേതാവായ ഷൈന എന്‍.സി പരസ്യമായി രാം കദമിനെതിരെ രംഗത്തുവന്നിരുന്നു. പേര് പരാമര്‍ശിക്കാതെയായിരുന്നു ഷൈന തന്റെ ട്വീറ്റിലൂടെ എംഎല്‍എയെ വിമര്‍ശിച്ചത്. ഇപ്പോള്‍ സൊനാലിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടതെന്നും അടിസ്ഥാനമില്ലാത്ത റൂമറുകള്‍ പരത്തരുതെന്നുമായിരുന്നു ട്വീറ്റ്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് സൊനാലി താന്‍ ക്യാന്‍സര്‍ ബാധിതയാണെന്ന് വെളിപ്പെടുത്തിയത്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് താരം. നിരവധി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം സൊനാലിക്ക് പിന്തുണയുമായി എത്തിയിരുന്നു.
BJP MLA Ram Kadam fake news sonali Bendre Demise tweet apologize wish for speedy recovery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..