മുംബൈ: ആർ.എസ്​.എസിനെ താലിബാനോട്​ ഉപമിച്ചതിൽ മാപ്പ് പറയാതെ ജാവേദ്​ അക്​തറിൻറെ ചിത്രങ്ങൾ രാജ്യത്ത്​ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന്​ മഹാരാഷ്​ട്ര ബി.ജെ.പി എം.എൽ.എ രാം കദം.ആർ.എസ്​.എസ്​ നേതൃത്വത്തോടും പ്രവർത്തകരോടും​ ക്ഷമ ചോദിച്ചില്ലെങ്കിൽ അക്തറിൻറെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ ​പ്രദർശിപ്പിക്കാൻ അനുവദിക്കല്ലെന്നാണ്​ ഭീഷണി.

"താലിബാൻ മുസ്ലിം രാഷ്ട്രം ആ​ഗ്രഹിക്കുന്ന പോലെ ഹിന്ദു രാഷ്ട്രം ആ​ഗ്രഹിക്കുന്നവരും ഉണ്ട്. ഈ ആളുകൾ എല്ലാം ഒരേ ചിന്താഗതിക്കാരാണ് - അത് മുസ്ലീം ആകട്ടെ, ക്രിസ്ത്യൻ ആകട്ടെ, ജൂതനോ ഹിന്ദുവോ ആകട്ടെ. താലിബാൻ പ്രാകൃതരും അവരുടെ പ്രവർത്തനങ്ങൾ അപലപനീയവുമാണ്. എന്നാൽ ആർ.എസ്.എസ്, വി.എച്ച്​.പി, ബജ്​രംഗ്​ദൾ എന്നിവയെ പിന്തുണക്കുന്നവരും ഒന്നുതന്നെയാണ്" എന്നായിരുന്നു എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ്​ അക്​തറിന്റെ വിവാ​ദ പരാമർശം.

"ജാവേദ് അക്തറിന്റെ ഈ പ്രസ്താവന ലജ്ജാകരമാണ്. മാത്രമല്ല, സംഘത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും കോടിക്കണക്കിന് പ്രവർത്തകർക്കും അവരുടെ ആശയങ്ങൾ പിന്തുടരുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്കും വേദനാജനകവും അപമാനകരവുമാണ്. ഈ പരാമർശങ്ങൾ നടത്തുന്നതിനുമുമ്പ്, ഇതേ പ്രത്യയശാസ്ത്രമുള്ള ആളുകളാണ് ഇപ്പോൾ സർക്കാർ ഭരിക്കുന്നതെന്നും രാജ ധർമ്മം നിറവേറ്റുന്നുവെന്നും അദ്ദേഹം ചിന്തിക്കണമായിരുന്നു.

താലിബാനെപ്പോലെയാണെങ്കിൽ, അദ്ദേഹത്തിന് ഈ പരാമർശങ്ങൾ നടത്താൻ കഴിയുമായിരുന്നോ? അദ്ദേഹത്തിന്റെ പ്രസ്താവനകൾ എത്ര പൊള്ളയാണെന്നാണ് ഇത് കാണിക്കുന്നത്. പക്ഷേ, അത്തരം പരാമർശങ്ങൾ നടത്തുന്നതിലൂടെ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ‌ക്കായി പ്രവർത്തിക്കുന്ന ആർ.എസ്.എസ് പ്രവർത്തകരുടെ വികാരത്തെ അദ്ദേഹം വ്രണപ്പെടുത്തി. അവരോട് മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമകൾ രാജ്യത്ത് പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. രാജ്യത്തിനായി ജീവിതം സമർപ്പിച്ച സംഘ പ്രവർത്തകരോട് കൈ കൂപ്പി മാപ്പ് പറയുന്നതുവരെ അദ്ദേഹത്തിന്റെ ഒരു സിനിമയും ഈ ഭാരത മണ്ണിൽ പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല". രാം കദം വ്യക്തമാക്കി.

content highlights : BJP demands apology from Javed Akhtar for statement comparing Taliban and RSS