ന്യാസ്ത്രീയെ ബലാത്സംഘം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടതില്‍ പ്രതികരണവുമായി നടിമാരായ പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും. ഫ്രാങ്കോ മുളയ്ക്കലിനെതിരേ ആരോപണവുമായി രംഗത്ത് വന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവച്ചായിരുന്നു പാര്‍വതിയും റിമയും പ്രതികരിച്ചത്. അവള്‍ക്കൊപ്പമെന്ന് റിമ കുറിച്ചു. 

വിധി തികച്ചും ക്രൂരമായിപ്പോയെന്ന് പാര്‍വതി കുറിച്ചു. 'ഞങ്ങള്‍ പിന്‍മാറുകയില്ല, എന്തു തന്നെ ഞങ്ങളെ തോല്‍പ്പിച്ചാലും ഞങ്ങള്‍ പിന്‍മാറുകയില്ല. ഹൃദയം തകരുന്നു'- പാര്‍വതി കൂട്ടിച്ചേര്‍ത്തു.

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.

105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസില്‍ വിധി വന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതല്‍ 2016 വരെയുടെ കാലയളവില്‍ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തില്‍വെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.

Content Highlights: Bishop Franco Mulakkal sexual abuse case verdict, Rima Kallingal, Parvathy Reacts lend support to nuns