ബോളിവുഡ് സിനിമയിലെ അഭിനേത്രികള്‍ പാലിക്കേണ്ട അലിഖിത 'നിയമവലി'കളെക്കുറിച്ച് മനസ്സു തുറന്ന് നടി ബിപാഷ ബസു. സിനിമയില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ബിപാഷ ബസു. അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്ത 'അജ്‌നഭീ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യകാലത്ത് ഇരുണ്ട നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബിപാഷ പറയുന്നു. അതുപോലെ അന്നത്തെക്കാലത്ത് സിനിമയില്‍ ഉണ്ടായിരുന്ന വിചിത്രമായ അലിഖിത നിയമങ്ങളെക്കുറിച്ചും ബിപാഷ മനസ്സു തുറക്കുന്നു.

''ഇരുണ്ട നിറമുള്ള ഒരാളാണ് ഞാന്‍. നിറത്തെ സംബന്ധിക്കുന്ന ധാരാളം നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഞാന്‍ കേട്ടിരുന്നു. എനിക്ക് സൂര്യപ്രകാശം കൊള്ളുന്നത് ഇഷ്ടമായിരുന്നു. എന്നാല്‍ സുര്യപ്രകാശമുള്ളപ്പോള്‍ കുട കൊണ്ടുനടക്കണമെന്ന് പറയും. ഇരുണ്ട നിറമാണ്, സൂര്യപ്രകാശമേറ്റാല്‍ കറുക്കുകയോ കരിവാളിക്കുകയോ ചെയ്യുമത്രേ.'' 

ആദ്യ സിനിമയുടെ ചിത്രീകരണത്തിനടയില്‍ ഉണ്ടായ അനുഭവവും ബിപാഷ പറയുന്നു. യൂറോപ്പിലായിരുന്നു ചിത്രീകരണം. ചില്ലുഗ്ലാസില്‍ ഐസ് ടീ കുടിച്ചുകൊണ്ടിക്കുമ്പോള്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് അരികിലേക്ക് വന്നു. ചില്ലുഗ്ലാസില്‍ കുടിക്കുമ്പോള്‍ അത് വിസ്‌കിയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമെന്നും കപ്പ് ഉപയോഗിക്കണമെന്നും പറഞ്ഞു.

വളരെ ബോള്‍ഡായ വസ്ത്രധാരണത്തിന്റെ പേരില്‍ അറിയപ്പെടുന്ന നടി കൂടിയാണ് ബിപാഷ. ബാക്ക്‌ലെസ് വസ്ത്രം ധരിച്ച് പൊതുചടങ്ങിലെത്തിയത് ചിലരെ ചൊടിപ്പിച്ചു. നടിമാര്‍ ഇത്തരം വേഷങ്ങള്‍ സിനിമയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും യഥാര്‍ഥ ജീവിതത്തില്‍ ശരീരഭാഗങ്ങള്‍ വെളിവാകുന്ന വസ്ത്രം ധരിക്കരുതെന്നുമായിരുന്നു അടുത്ത നിര്‍ദ്ദേശം. 'ഇതിനേക്കാള്‍ വിലയ ഇരട്ടത്താപ്പുണ്ടോ?- ബിപാഷ ചോദിക്കുന്നു.

'കാമുകനെക്കുറിച്ച് സംസാരിക്കരുത്' എന്നതാണ് അടുത്ത നിര്‍ദ്ദേശം. ഒരിക്കല്‍ തന്റെ കാമകന്‍ സിനിമാ സെറ്റില്‍ സന്ദര്‍ശനം നടത്തുമെന്ന് പറഞ്ഞപ്പോള്‍ മുറുമുറുപ്പുകള്‍ കേട്ടു. നടിമാര്‍ കാമുകന്‍മാര്‍ ഉണ്ടെന്ന് പറഞ്ഞാല്‍ സിനിമയെ ബാധിക്കുമത്രേ. 'എനിക്ക് കാമുകന്‍ ഉണ്ടെന്ന് പറയുന്നതില്‍ നാണക്കേടൊന്നും തോന്നുന്നില്ല. ഇത് ഒളിച്ചു വയ്‌ക്കേണ്ട കാര്യമാണോ'- ബിപാഷ ചോദിക്കുന്നു.

Content Highlights: Bipasha Basu Reveals Bollywood's Unspoken Rules, skin color boy friend controversy