ബെംഗളൂരു: കന്നഡ ബിഗ് ബോസ് താരവും സിനിമാ നടിയുമായ ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ജയശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീയെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ഇതുസംബന്ധിച്ച് 2020 ജൂലൈ 22ന് ജയശ്രീ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. ഞാൻ അവസാനിപ്പിക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട പറയുന്നു എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ഇത് ചർച്ചയായതിന് പിന്നാലെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും താൻ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തു.
താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, തനിക്ക് സാമ്പത്തിക പ്രശ്നങ്ങളില്ല. പക്ഷേ വിഷാദവുമായി പൊരുതാൻ സാധിക്കുന്നില്ലെന്നും തന്റെ മരണം മാത്രമാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി ജൂലൈ 25 ന് താരം ഫെയ്സ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംസാരിച്ചിരുന്നു. വ്യക്തിപരമായി നിരവധി പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നത്, കുട്ടിക്കാലം മുതൽ വഞ്ചിക്കപ്പെട്ടിരുന്നു, എന്നാൽ അതിൽ നിന്നും പുറത്തുകടക്കാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും', ജയശ്രീ വ്യക്തമാക്കിയിരുന്നു
കന്നഡ ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്നു ജയശ്രീ. മോഡലിങ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്.
Content Highlights : Big Boss Kannada Contestant and actress Jayashree Ramaiah found dead