സന്തോഷ് ശിവന്റെ ക്യാമറക്ക് മുന്നില്‍ വീറോടെ പൊരുതുന്ന തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും. ഉരുളയ്ക്ക് ഉപ്പേരി കണക്കെ പോര്‍വിളികള്‍, അടിതടകള്‍, അട്ടഹാസങ്ങള്‍, ആംഗ്യവിക്ഷേപങ്ങള്‍. കട്ട് പറയാന്‍ പോലും മറന്ന് ആ പകര്‍ന്നാട്ടം അന്തംവിട്ടു കണ്ടുനില്‍ക്കുന്നു സംവിധായകന്‍ സംഗീത് ശിവന്‍. അന്തരീക്ഷത്തില്‍ രണവീര്യം തുളുമ്പുന്ന ഒരു മത്സരപ്പാട്ടിന്റെ ഈരടികള്‍: പടകാളി ചണ്ഡിച്ചങ്കരി. എ ആര്‍ റഹ്മാന്‍ ഈണമിട്ട് ബിച്ചു തിരുമല എഴുതിയ ഈ പാട്ട് മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് പാട്ടുകളിലൊന്നാണ്.
വളരെ പ്രശസ്ത ഗാനമാണെങ്കിലും ആ പാട്ടിലെ പല വാക്കുകളും പലരും തെറ്റിച്ചാണ് പാടാറെന്ന് ബിച്ചു തിരുമല പറയുന്നു.
'ചെന്നൈയില്‍ റഹ്മാന്റെ സ്റ്റുഡിയോയില്‍ വെച്ച് സംഗീത് ശിവന്‍ ഗാനസന്ദര്‍ഭം വിവരിച്ചു തന്നപ്പോള്‍ പെട്ടെന്ന് മനസ്സില്‍ വന്നത് ഭദ്രകാളിയുടെ രൂപമാണ്. രൗദ്രരൂപത്തിലുള്ള ദേവിയെ സ്തുതിക്കുന്ന ഒരു ഗാനമായാല്‍ സന്ദര്‍ഭത്തിന് ഇണങ്ങുമെന്ന് തോന്നി. സംഗീതിനും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. മഹാകവി നാലാങ്കലിന്റെ 'മഹാക്ഷേത്രങ്ങള്‍ക്ക് മുന്നില്‍' എന്ന പുസ്തകം ആ ഘട്ടത്തിലാണ് എനിക്ക് തുണയായത്. പടകാളി, പോര്‍ക്കലി, ചണ്ഡി, മാര്‍ഗിനി എന്നിങ്ങനെ ദേവിയുടെ പര്യായപദങ്ങള്‍ ഒന്നൊന്നായി മനസ്സില്‍ ഒഴുകിയെത്തുന്നു. ഹാസ്യ ഗാനമായതിനാല്‍ ആഴമുള്ള ആശയങ്ങള്‍ ആരും പ്രതീക്ഷിക്കാനിടയില്ല. എങ്കിലും ഉപയോഗിക്കുന്ന പദങ്ങള്‍ അര്‍ത്ഥശൂന്യമാകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആരാധനയുമായി ബന്ധപ്പെട്ട വാക്കുകളാണ് പാട്ടില്‍ ഏറെയും പറമേളം, ചെണ്ട, ചേങ്കില, ധിം തുടി മദ്ദളം എന്നിങ്ങനെ'.
പുത്തന്‍ തലമുറ പോലും അകമഴിഞ്ഞ് ആസ്വദിക്കുന്നു ആ പാട്ട്. സ്റ്റേജിലും റിയാലിറ്റി ഷോകളിലുമൊക്കെ ഇന്നും പതിവായി `പടകാളി' പാടിക്കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട് ബിച്ചുവിന്. ദുഃഖം ഒരു കാര്യത്തില്‍ മാത്രം: `പാട്ടിലെ പോര്‍ക്കലിയും മാര്‍ഗിനിയും ഓര്‍മ്മയായി. പകരം പോക്കിരിയും മാക്കിരിയും വന്നു. ഇപ്പോള്‍ അധികം പേരും പാടിക്കേള്‍ക്കാറുള്ളത് പടകാളി ചണ്ഡിച്ചങ്കരി പോക്കിരി മാക്കിരി എന്നാണ്.''
(മാതൃഭൂമി ഓണപ്പതിപ്പിൽ രവി മേനോൻ എഴുതിയ ലേഖനത്തിൽ നിന്ന്)