സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കിലെ പുതിയ ടീസര്‍ പുറത്തിറങ്ങി. പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ് തെലുങ്കില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. പവന്‍ കല്യണ്‍ ഭീംല (അയ്യപ്പന്‍) നായകായി എത്തുമ്പോള്‍ കുര്യന്‍ ഡാനിയല്‍ ശേഖറിനെയാണ് (കോശി) റാണ അവതരിപ്പിക്കുന്നത്. റാണയുടെ കുര്യന്‍ ഡാനിയല്‍ ശേഖറിന്റെ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

2022 ജനുവരി 12ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നിത്യ മേനോന്‍, സമുദ്രക്കനി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

സാഗര്‍ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും ത്രിവിക്രം ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായ മാറ്റം വേണമെന്ന് പവന്‍ കല്യാണ്‍ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ട് നായകന്മാര്‍ എന്നതിന് പകരം നായകന്‍, പ്രതിനായകന്‍ എന്ന രീതിയില്‍ തിരക്കഥ മാറ്റണമെന്ന് പവന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. പവന്‍ കല്യാണ്‍ സിനിമകളുടെ ശൈലി പിന്തുടരുന്ന രീതിയിലുള്ള മാറ്റം തെലുങ്ക് പതിപ്പിനുണ്ടാകും.