കൊച്ചി: തന്റെ മനസിലെ ഭീമന്‍ ക്യൂട്ട് ആണെന്നും അങ്ങനെയാണ് ക്യൂട്ട് ആയ ചാക്കോച്ചന്‍ തന്നെ  ഭീമനായി എത്തിയതെന്നും ചെമ്പന്‍ വിനോദ്. ഭീമന്റെ വഴി ചിത്രത്തിന്റെ റിലീസിന് ശേഷം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ തിരക്കഥകൃത്തു കൂടിയായ ചെമ്പന്‍ വിനോദിന്റെ സുഹൃത്തായ ഭീമന്റെ ജീവിതത്തിലുണ്ടായ ഒരു വഴി പ്രശ്‌നമാണ് ചിത്രത്തിന് പശ്ചാത്തലമായത്. 

അഷ്റഫ് ഹംസ എഴുതിയ മറ്റൊരു ചിത്രത്തിന്റെ കഥ പറയാനായി കുഞ്ചാക്കോ ബോബനെ സമീപിക്കുകയായിരുന്നു. അതിനിടയില്‍  വെറുതെ പറഞ്ഞതായിരുന്നു ഭീമന്റെ കഥ. ഇത് നല്ലതാണെന്നും കഥ വികസിപ്പിക്കാന്‍ പിന്നീട് ചാക്കോച്ചന്‍ തന്നെ പറയുകയുമായിരുന്നു. അങ്ങനെ രണ്ട് ആഴ്ച കൊണ്ടാണ് ഭീമന്റെ വഴി എന്ന കഥ എഴുതിയതെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

തിയേറ്റര്‍ റിലീസിനു ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അഷ്റഫ് ഹംസയാണ് ചിത്രത്തിന്റെ സംവിധായകന്‍. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ്, ജിനോ ജോസഫ്, ബിനു പപ്പന്‍, സുരാജ് വെഞ്ഞാറമൂട്, ചിന്നു, ശബരീഷ്, വിന്‍സി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.