യസൂര്യയെ നായകനാക്കി സിദ്ദിക്ക് സംവിധാനം ചെയ്ത ഫുക്രി പ്രദര്‍ശനത്തിനൊരുങ്ങുന്നു. അതിനൊപ്പം പുതിയ തമിഴ് പടത്തിന്റെ ഒരുക്കത്തിലാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍. 

മമ്മൂട്ടി മലയാളത്തില്‍ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നായകനായെത്തുന്നത് അരവിന്ദ് സ്വാമിയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ രജനികാന്താണ് തന്റെ മനസില്‍ ഉണ്ടായിരുന്നതെന്ന് സിദ്ദിഖ് ചിത്രഭൂമിയോട് പറഞ്ഞു.

മലയാളത്തില്‍ ഹിറ്റുകളുടെ പട്ടികയിലെത്തിയ ഭാസ്‌കര്‍ ദ റാസ്‌കലിനു വേണ്ടി ആദ്യം സമീപിച്ചത് രജനികാന്തിനെയാണ്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ അപ്രതീക്ഷിതമായി വന്ന മറ്റു തിരക്കുകള്‍ കാരണം മാറി ചിന്തിക്കേണ്ടിവന്നു. ചിത്രത്തില്‍ അരവിന്ദ് സ്വാമിയാണ് നായകന്‍. 

തനി ഒരുവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് അരവിന്ദ് സ്വാമി. നായികയെ തീരുമാനിച്ചിട്ടില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍- സിദ്ദിഖ് പറയുന്നു

തന്റെ കഴിഞ്ഞകാല ചിത്രങ്ങളെപ്പോലെ നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയാണ് ഫുക്രിയില്‍ തനിക്ക് ഏറെ പ്രതീക്ഷയണ്ടെന്ന് സിദ്ദിഖ് പറയുന്നു. 

തിയ്യറ്ററുടമകളുടെ സമരം മൂലം സിനിമകളുടെ റിലീസ് നീളുന്നതിനെക്കുറിച്ചും സിദ്ദിഖ് പ്രതികരിച്ചു. സിനിമകളുടെ റിലീസിന് പ്രതിസന്ധിയായി നില്‍ക്കുന്ന സമരം ആര്‍ക്കും ഒരു തരത്തിലും ഗുണം ചെയ്യുകയില്ലെന്ന് സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.