തൃശ്ശൂർ: ‘ഉയരെ’ സിനിമയുടെ സംവിധായകൻ മനു അശോകന് ഭരതൻ സ്‌മാരക അവാർഡ് സമ്മാനിച്ചു. ഭരതൻ സ്‌മൃതിവേദി സംഘടിപ്പിച്ച ചടങ്ങിൽ സംവിധായകൻ ജയരാജ് അവാർഡ് സമ്മാനിച്ചു. പുതിയ തലമുറയിലെ സിനിമാപ്രവർത്തകർ ഭരതന്റെ സിനിമാശൈലി കണ്ടുപഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിൽ പുതിയ നിറങ്ങളും ആവിഷ്‌കാരസൗന്ദര്യവും ആഖ്യാനരീതിയും സൃഷ്ടിക്കുമ്പോൾ ഭരതനെപ്പോലുള്ളവരുടെ സൃഷ്ടികൾ ഓർക്കണം. ഭരതനിൽനിന്നു കിട്ടിയ ഒരു സ്ഫുലിംഗത്തിന്റെ ശക്തിയാണ് തന്നെ ഇന്നും മുന്നോട്ടുനയിക്കുന്നതെന്നും ജയരാജ് പറഞ്ഞു.

ഭരതന്റെ ഭാര്യയും സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെ.പി.എ.സി. ലളിത ദീപം തെളിയിച്ചു. ഭരതന്റെ കുറേ സിനിമകൾ നിർമിച്ച പി.വി. ഗംഗാധരന്റെ മക്കൾ നിർമിച്ച സിനിമയുടെ സംവിധായകന് അവാർഡ് ലഭിച്ചതിൽ സന്തോഷിക്കുന്നതായി കെ.പി.എ.സി. ലളിത പറഞ്ഞു. ടി.എ. സുന്ദർമേനോൻ അധ്യക്ഷനായി. സംഗീതസംവിധായകൻ വിദ്യാധരൻ, ഭരതന്റെ മകനും നടനുമായ സിദ്ധാർഥ് ഭരതൻ, മാതൃഭൂമി ന്യൂസ് പ്രോഗ്രാം ഹെഡ് എം.പി. സുരേന്ദ്രൻ, ഇ. രാജൻ, സി.എസ്. അജയകുമാർ എന്നിവർ പ്രസംഗിച്ചു.

Content Highlights: Bharathan memory award, Manu Ashokan, Uyare Movie Director received