മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ഓസ്‌കര്‍ ജേതാവും സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ (91) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അവര്‍ ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ വിഖ്യാത ചിത്രം ഗാന്ധിയ്ക്കാണ് അവര്‍ക്ക് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്.

തലച്ചോറില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടു വര്‍ഷമായി അവര്‍ ചികിത്സയിലായിരുന്നു. മൂന്നുവര്‍ഷത്തോളമായി പൂര്‍ണമായും കിടപ്പിലായിരുന്നെന്നും ഭാനു അത്തയ്യയുടെ മകള്‍ രാധിക ഗുപ്ത പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ ദക്ഷിണ മുംബൈയിലെ ചന്ദന്‍വാഡിയില്‍ നടന്നു.

ഗുരുദത്തിന്റെ സിഐഡി എന്ന ചിത്രത്തിലൂടെയായിരുന്നു ഭാനു അത്തയ്യ വസ്ത്രാലങ്കാരകയായി ബോളിവുഡില്‍ തുടക്കംകുറിക്കുന്നത്. ബോളിവുഡിലെ പ്രമുകരായ ഒട്ടുമിക്ക സംവിധായകര്‍ക്കുമൊപ്പം അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ലഗാന്‍ എന്ന ചിത്രത്തിനും വസ്ത്രാലങ്കാരം നിര്‍വഹിച്ചത് ഭാനു അത്തയ്യ ആയിരുന്നു. ഇത് അവരുടെ അവസാന ചിത്രവുമായിരുന്നു.

1983ല്‍ ആണ് ഗാന്ധിയിലെ വസ്ത്രാലങ്കാരത്തിന് അവര്‍ക്ക് ഓസ്‌കാര്‍ ലഭിക്കുന്നത്. അഞ്ച് പതിറ്റാണ്ടിനിടെ നൂറിലധികം ചിത്രങ്ങള്‍ക്കുവേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. ലേക്കിന്‍, ലഗാന്‍ എന്നീ ചിത്രങ്ങള്‍ക്ക് അവര്‍ക്ക് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Content Highlights: Bhanu Athaiya, India's first Oscar winner, dies at 91 in Mumbai