സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നവർക്ക് പ്രണയലേഖനം എന്ന പേരിൽ കഴിഞ്ഞ ദിവസം നടി അഹാന കൃഷ്ണകുമാർ അപ്ലോഡ് ചെയ്ത വീഡിയോ സോഷ്യൽമീഡിയയിലും സിനിമാലോകത്തും വലിയ ചർച്ചയായിരുന്നു. വീഡിയോയിൽ അഹാന പറഞ്ഞ കാര്യങ്ങളോട് വിയോജിപ്പുണ്ടെങ്കിലും നടി മാന്യമായി പ്രതികരിച്ചതിനെ വീണ്ടും തെറിവിളികൾ കൊണ്ട് വിമർശിക്കുന്നതിനെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

''കുറച്ചു ദിവസം മുമ്പ് ആരോ എഴുതിയ ഒരു പോസ്റ്റ് കണ്ടു, പുരുഷന്മാർക്ക് തെറി പറയാമെങ്കിൽ സ്ത്രീകൾക്കും തെറി പറയാം എന്ന്.

സ്ത്രീ മാത്രമല്ല പുരുഷനും തെറി പറയരുത് എന്ന അഭിപ്രായമുളള ആളാണ് ഞാൻ. അഹാനയുടെ ഒരു വീഡിയോ കണ്ടിരുന്നു സൈബർ ബുളളിയിങ്ങിനെ പറ്റി..

ലോക്ഡൗണുമായി ബന്ധപ്പെട്ട് അവരുടെ ഒരു അഭിപ്രായമാണ് ആ അറ്റാക്കിന് കാരണം. തീർച്ചയായും അവരുടെ ആ അഭിപ്രായത്തോട് ഞാൻ ശക്തമായി വിയോജിക്കുന്നു. കോവിഡ് സമയത്ത് ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം എതിർക്കേണ്ടതു തന്നെയാണ്.

പക്ഷേ എന്തിന്റെ പേരിലായാലും അതിന് മറുപടി തെറിവിളിയിലൂടെ നടത്തുന്നത് തികച്ചും തോന്നിവാസമാണ്. അഭിപ്രായം പറയുന്നത് ഒരാളുടെ അവകാശമാണ്. പക്ഷേ തെറി വിളിക്കുക എന്നത് അവകാശമാണോ? എങ്കിൽ തെറി വിളിക്കുന്നവരെ തിരിച്ചും തെറി വിളിക്കാം അടി കൊടുക്കാം.
പക്ഷേ അതാണോ ഇവിടെ വേണ്ടത്.?

നിങ്ങൾക്ക് യോജിക്കാൻ പറ്റാത്ത ഒരു വിഷയം, ചില സ്ത്രീകളുടെ വസ്ത്ര ധാരണമോ, സംസ്കാരമില്ലാത്ത ഭാഷയോ, പെരുമാറ്റമോ, വ്യക്തിഹത്യയോ, നിലപാടോ നിലപാടില്ലായ്മയോ, എതിർപക്ഷ രാഷ്ട്രീയമോ, ഒക്കെയാവാം നിങ്ങൾ അവരെ മോശമായ ഭാഷയിൽ വിമർശിക്കാൻ കാരണമാവുന്നത്. അങ്ങനെയെങ്കിൽ സംസ്കാരമില്ലായ്മ തന്നെയല്ലേ നിങ്ങളും ചെയ്യുന്നത്.

അഹാന വളരേ മാന്യമായ ഭാഷയിലാണ് പ്രതികരിച്ചത്. അതവരുടെ സംസ്കാരവും. അവരുടെ അഭിപ്രായത്തെ മ്ലേച്ഛമായ ഭാഷയിൽ വിമർശിക്കുന്നത് നിങ്ങളുടെ സംസ്കാരമില്ലായ്മയുമല്ലേ?..

ചിലരുടെ തന്തക്കും തളളക്കും കുടുംബത്തേയും തെറി വിളിക്കുന്നത് നിങ്ങൾക്ക് തന്തയും തളളയും കുടുംബവും ഇല്ലാത്തതുകൊണ്ടാണോ? ഇന്ന് ഞാൻ നാളെ നീ എന്ന പോലെ ഇത് നിങ്ങൾക്ക് തിരിച്ച് കിട്ടാനും അധിക സമയം വേണ്ട..

സ്ത്രീകളെ തെറി വിളിയ്ക്കുമ്പോൾ നിങ്ങൾ കരുതുന്നത് അവൾ എല്ലാം മടക്കിക്കെട്ടി സ്ഥലം വിടുമെന്നാണോ. അത് പണ്ട്. ഇന്നവൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സ്ത്രീയുടെ മാന്യമായ ഭാഷക്ക് മാന്യമായ ഭാഷയിൽതന്നെ മറുപടി കൊടുക്കാൻ അറിയാത്തതാണോ ഉത്തരമില്ലാത്തതാണോ ഈ തെറി വിളിയുടെ ഉദ്ദേശം..?

നിങ്ങൾ സ്ത്രീകളെ വിളിച്ച തെറികൾ ഒന്ന് സ്വന്തം അമ്മയോടും സഹോദരിയോടും ഒന്ന് ഉറക്കെ വായിക്കാൻ പറയൂ..അവരറിയട്ടെ അവരുടെ മകന്റെ, സഹോദരന്റെ, ഭാഷാ വൈഭവം..

മറ്റൊരു കാര്യം പറയാനുളളത് ഏതെങ്കിലും നടിയുടേയോ മറ്റേതെങ്കിലും സ്ത്രീകളുടേയോ പ്രസ്താവനകൾക്ക് താഴെ തെറി വിളിക്കുന്നത് മുഴുവൻ പുരുഷന്മാരായിരിക്കും.

ഇടക്ക് ചില സ്ത്രീകളുടെ മാന്യമായ ഭാഷയിലുളള വിമർശനങ്ങൾ കാണാം. നല്ലത്.. പക്ഷേ ഒരു സ്ത്രീ പോലും ആ തെറിവിളിക്ക് പ്രതികരിക്കുന്നത് കണ്ടിട്ടില്ല. എന്ന് മാത്രമല്ല മറ്റൊരു സ്ത്രീയെ തെറിവിളിക്കുന്നത് പരസ്പരം പറഞ്ഞ് ചിരിക്കുകയും ചെയ്യുന്ന സ്ത്രീകളുണ്ട്.

എന്നിട്ട് ഒടുവിൽ ഇതേ തെറിവിളി തനിക്ക് നേരെ വരുമ്പോഴാണ് അതിന്റെ അപമാനം എത്രയെന്ന് മനസിലാവുന്നത്. പാർവ്വതിയേയും റിമ കല്ലിങ്കലിനേയും ഇതേപോലെ സൈബർ അറ്റാക്ക് /സൈബർ ബുള്ളിയിങ് നടത്തിയപ്പോൾ അഹാനയെപ്പോലെയുളള എത്ര പെൺകുട്ടികൾ നടിമാർ പ്രതികരിച്ചു? നടി ആക്രമിക്കപ്പെട്ടപ്പോൾ അതേ രംഗത്ത് പ്രവർത്തിക്കുന്ന എത്ര സ്ത്രീകൾ പ്രതികരിച്ചു? നാലോ അഞ്ചോ പേർ. അവിടെയാണ് പ്രശ്നം.. തനിക്ക് കൊളളുമ്പോൾ വേദനിക്കുന്നു/ പ്രതികരിക്കുന്നു..

ഏതൊരു പെണ്ണിനുവേണ്ടിയും പ്രതികരിക്കാനുളള ആർജ്ജവം ഉണ്ടായിരിക്കണം. അത് ബലാത്സംഗമാണെങ്കിലും സൈബർ അറ്റാക്കാണെങ്കിലും. അവളുടെ വേദന മനസിലാക്കണം, അവളോടൊപ്പം നിൽക്കണം.എങ്കിലേ ഇതിനൊരു അറുതി വരുത്താനാവൂ .. ആരുടെ വിശപ്പും എന്റെ വിശപ്പാണെന്ന് തോന്നണം. ആരുടെ വേദനയും എന്റെ വേദനയാണെന്ന് തോന്നണം.. ഏതൊരു പെണ്ണ് ആക്രമിക്കപ്പെടുമ്പോഴും അവിടെ ഞാനാണെങ്കിലോ എന്ന് ചിന്തിക്കണം..''

തിരുവനന്തപുരത്ത് കുറച്ച് നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെയും സ്വർണവേട്ടയെയും ബന്ധപ്പെടുത്തി അഹാന പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതിൽ ചിലർ വളരെ മോശമായ രീതിയിൽ അഹാനയെയും കുടുംബത്തേയും സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് യൂട്യൂബ് ചാനലിലൂടെ ഒരു വീഡിയോ അഹാന പങ്കുവച്ചത്.

 

Content Highlights :Bhagyalakshmi Kumaran facebook post about ahaana video against cyber bullying