കൊച്ചിയില്‍ യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. യുവതികള്‍ സ്വയം രക്ഷയ്ക്ക് ചെയ്തതാണിതെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അനീതി ചെയ്തവരെ സ്ത്രീകള്‍പോലും പിന്തുണക്കില്ല. ഈ വിഷയത്തില്‍ ഞാനവനോടൊപ്പം- ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ആ മനുഷ്യന്‍ എന്ത് ചെയ്തിട്ടാണ് ഈ നാല് സ്ത്രീകള്‍ ഇത്രക്ക് പ്രകോപിതരായത് എന്നറിയില്ല. എന്തുതന്നെയായാലും ഇതല്ല പ്രതിരോധം.. ഇതല്ല സ്ത്രീ സമത്വം. ഇതല്ല തന്റേടം.. ഇത് സ്വയരക്ഷക്ക് വേണ്ടി ചെയ്തതെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഈ അനീതി ചെയ്തവരെ സ്ത്രീകള്‍പോലും പിന്തുണക്കില്ല. ഈ വിഷയത്തില്‍ ഞാനവനോടൊപ്പം.

bhagyalaskmi

വൈറ്റില ജങ്ഷനില്‍വച്ചാണ് കഴിഞ്ഞയാഴ്ച കുമ്പളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഡ്രൈവറെ മര്‍ദ്ദിച്ച സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പോലീസിന് കൈമാറിയത്. എന്നാല്‍ യുവതികള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയത്. ഇതേക്കുറിച്ചുള്ള പരാതിയില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഷെയര്‍ ടാക്‌സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലായിരുന്നു യുവതികളുടെ മര്‍ദ്ദനം. എന്നാല്‍ ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യുവതികള്‍ ആരോപിച്ചിരുന്നു. ഡ്രൈവര്‍ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞുവച്ചതെന്നും യുവതികള്‍ ആരോപിച്ചിരുന്നു.