മരക്കാറിൽ മോഹൻലാലും പ്രണവും, ഭദ്രൻ
മോഹൻലാൽ–പ്രിയദർശൻ ചിത്രം ‘മരക്കാറി’നെയും ചിത്രത്തിൽ കുഞ്ഞുകുഞ്ഞാലിയായി വേഷമിട്ട പ്രണവ് മോഹൻലാലിനെയും പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. വളരെ മികച്ച അനുഭവമാണ് ഈ ചിത്രം സമ്മാനിച്ചതെന്നും ഹോളിവുഡ് സിനിമകളുടേതിനു സമാനമായ പ്രൊഡക്ഷൻ വാല്യു ചിത്രത്തിനുണ്ടായിരുന്നുവെന്നും ഭദ്രൻ പറയുന്നു. കുഞ്ഞു കുഞ്ഞാലി മറക്കാതെ നില്കുന്നു മനസ്സിൽ . പ്രണവിന്റെ മെയ്യ്വഴക്കവും കണ്ണുകളിൽ അച്ഛനെ പോലെ ഗൂഢമായി ഒളിഞ്ഞിരിക്കുന്ന സ്നിഗ്ധ സൗന്ദര്യവും ഒത്തുവന്നപ്പോൾ കുഞ്ഞു കുഞ്ഞാലി മികവുറ്റതായി.. ഭദ്രന്റെ കുറിപ്പിൽ പറയുന്നു.
ഭദ്രൻ പങ്കുവച്ച പോസ്റ്റ്
അച്ഛന് ഒരു മകൻ ഉണ്ടായാൽ ഇങ്ങനെ ഉണ്ടാവണം!!!
ഞാൻ മഹാമാരി ഭയന്ന് തിയറ്ററിൽ കാണാതെ മരക്കാർ എന്ന ചലച്ചിത്രം പിന്നീട് ഓടിടി റിലീസിൽ എന്റെ ഹോം തിയറ്ററിൽ കാണുകയുണ്ടായി. വൈകിയാണെങ്കിലും അഭിപ്രായങ്ങൾ ഉണ്ടാവണമല്ലോ.
എല്ലാവരും പടച്ച് കോരി വൃത്തികേടാക്കിയ ഒരു സിനിമ മുൻവിധികൾക്കു ഒന്നും കീഴ്പ്പെടാതെ, ശരാശരി പ്രേക്ഷകൻ എന്ന രീതിയിലാണ് കണ്ടത്. ഇത്ര വലിയ ഒരു ഭൂകമ്പം അഴിച്ചുവിട്ടു ഇതിനെ ഇങ്ങനെ മോശം ആക്കേണ്ടിയിരുന്നോ? എന്ന് എനിക്ക് തോന്നിപ്പോയി. ഈ ചിത്രത്തിലെ സംഭാഷണങ്ങളെ ഇകഴ്ത്തി കൊണ്ടുള്ള ഒരുപാട് കമന്റുകൾ വായിക്കുകയുണ്ടായി. പക്ഷേ എനിക്ക് മറിച്ചാണ് അനുഭവപ്പെട്ടത്.
നല്ല തെളിച്ചമുള്ള അതിഭാവുകത്വം കലരാത്ത സംഭാഷണങ്ങൾ, അതുപോലെ തന്നെ വളരെ ശക്തമായ അമ്പരപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു സിനിമ ഉടനീളം . ഇതിലെ വിഎഫ്എക്സ് സിദ്ധാർത് പ്രിയദര്ശൻ വലിയ അനുഭവസമ്പത്ത് ഇല്ലാതെ തന്നെ വളരെ മികച്ചതാക്കി. സിനിമ റിലീസിന് മുമ്പ് കടൽ കാണാത്ത കപ്പൽ യുദ്ധമെന്ന് പറയേണ്ടിയിരുന്നില്ല. മറിച്ച്, ഇതൊക്കെ കടലിലിറങ്ങി എങ്ങനെ ഷൂട്ട് ചെയ്തു എന്ന് അത്ഭുതപ്പെടുത്തേണ്ടിയിരുന്നില്ലേ???
ഞാനോർക്കുന്നു…
എന്റെ അപ്പൻ കാമറൂണിന്റെ ടൈറ്റാനിക് സിനിമ കണ്ടേച്ച് കവിത തീയേറ്ററിൽ നിന്ന് പാലാ വരെ കപ്പലിന്റെ മുമ്പിലൂടെ തുള്ളിച്ചാടി കളിക്കുന്ന ഡോൾഫിനെ കണ്ടു "സായിപ്പിനെ സമ്മതിക്കണം, കപ്പലിന്റെ പുറകെ ബോട്ടിൽ ക്യാമറയുമായി കടലിൽ എത്ര രാവും പകലും ക്ഷമയോടെ ഉറക്കമിളച്ചു ആയിരിക്കണം ഒപ്പിയെടുത്തത് ” കുറച്ചു നാളുകൾക്കു ശേഷം ഞാൻ പറയുമ്പോൾ ആണ് അപ്പൻ അറിയുന്നത്
ആ ഡോൾഫിൻസ് ആനിമേറ്ററഡ് ആണ് ( ഡിജിറ്റൽ ഇമേജസ് ആണ് അപ്പാ!!! ) കപ്പലും ഡോൾഫിനും തമ്മിൽ കണ്ടിട്ടേയില്ല".
ഈ അത്ഭുതപ്പെടുത്തൽ ആണ് സിനിമയ്ക്ക് ആവശ്യം. ഒരു മജീഷ്യന്റെ കണ്ണഞ്ചിപ്പിക്കുന്ന മാജിക് പോലെയാവണം സിനിമ. എന്നുവച്ചാൽ മുമ്പിലിരുന്ന് കണ്ടാൽ മതിയെന്ന് അർത്ഥം. പുറകിൽ വന്നാൽ പിന്നെ മാജിക് വെടിപ്പുര ആയി.
കുഞ്ഞു കുഞ്ഞാലി മറക്കാതെ നില്കുന്നു മനസ്സിൽ . പ്രണവിന്റെ മെയ്യ്വഴക്കവും , കണ്ണുകളിൽ അച്ഛനെ പോലെ ഗൂഢമായി ഒളിഞ്ഞിരിക്കുന്ന സ്നിഗ്ധ സൗന്ദര്യവും ഒത്തുവന്നപ്പോൾ കുഞ്ഞു കുഞ്ഞാലി മികവുറ്റതായി. ഒരു മികച്ച ഹോളിവുഡ് സ്റ്റാൻഡേർഡ് പ്രൊഡക്ഷൻ വാല്യൂ ഉണ്ടാക്കിയ ആന്റണി പെരുമ്പാവൂരിനും , പ്രിയദർശനും എന്റെ അഭിനന്ദനങ്ങൾ!!! അറബിക്കടലിന്റെ അലറുന്ന സിംഹത്തെക്കുറിച്ചു ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ...
Content Highlights : Bhadran About Pranav Mohanlal Marakkar movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..