ബിയോണ്ട് ദ സെവൻ സീസ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന ചടങ്ങിൽ നിന്ന് | ഫോട്ടോ: പി.ആർ.ഒ
റിലീസിന് മുൻപേ തന്നെ ലോക റെക്കോർഡ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഒരു മലയാള ചലച്ചിത്രം. 'ബിയോണ്ട് ദ സെവൻ സീസ്' എന്ന ചിത്രമാണ് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത്. ഏറ്റവുമധികം ഡോക്ടർമാർ അണിയറയിൽ പ്രവർത്തിച്ച ചലച്ചിത്രം എന്ന പ്രത്യേകതയാണ് ചിത്രത്തിന്റെ നേട്ടത്തിന് കാരണം.
ഇരുപത്തിയാറ് ഡോക്ടർമാരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. ഓൾ സ്മൈൽസ് ഡ്രീം മൂവീസിന്റെ ബാനറിൽ ഡോ. ടൈറ്റസ് പീറ്റർ നിർമിച്ച് പ്രതീഷ് ഉത്തമൻ, ഡോ. സ്മൈലി ടൈറ്റസ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്.
സിനിമയുടെ ഓഡിയോ റിലീസ് ഫുജൈറയിലെ മീഡിയ പാർക്ക് കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്നു. 'മേരി ആവാസ് ഹി പെഹ്‌ചാൻ ഹേ' എന്ന മെഗാ സ്റ്റേജ് ഷോയിൽ വെച്ച് ഡോ. ജോർജ് ജോസഫാണ് (പ്രസിഡന്റ്, AKMG) ഗാനങ്ങൾ പുറത്തിറക്കിയത്. അന്തരിച്ച ഗായിക ലത മങ്കേഷ്കർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഫാൻ്റസി-ഹൊറർ-മിസ്റ്ററി ഗണത്തിൽ പെടുന്നതാണ് ചിത്രം. ചരിത്രവും പുനർജന്മവും നിഗൂഢശക്തികളുമെല്ലാം പശ്ചാത്തലത്തിൽ കടന്നുവരുന്നുണ്ട്. പീറ്റർ ടൈറ്റസ്, ഡോ. പ്രശാന്ത് നായർ, ഡോ. സുധീന്ദ്രൻ, കിരൺ അരവിന്ദാക്ഷൻ, വേദ വൈഷ്ണവി, സാവിത്രി ശ്രീധരൻ, ഡോ. ഹൃദ്യ മേരി ആൻ്റണി, ആതിര പട്ടേൽ, സിനോജ് വർഗീസ്, ഡോ. ഗൗരി ഗോപൻ, ജെറിൻ ഷാജൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഷിനൂബ് ടി.ചാക്കോ ആണ് ഛായാഗ്രഹണം.
ഡോ. ഉണ്ണികൃഷ്ണ വർമ വരികൾ എഴുതി ഡോ. വിമൽ കുമാർ സംഗീതസംവിധാനം നിർവഹിച്ച അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിജയ് യേശുദാസ്, സിത്താര, ഡോ. ബിനീത രഞ്ജിത്, ഡോ. വിമൽ കുമാർ, ഡോ. നിത സലാം എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
എഡിറ്റർ: അഖിൽ ഏലിയാസ്. ആർട്ട്: കിരൺ അച്യുതൻ. മേക്കപ്പ്: റോണി വെള്ളത്തൂവൽ. കോസ്റ്റ്യൂം: സൂര്യ രവീന്ദ്രൻ. അസോസിയേറ്റ് ഡയറക്ടർ: ബെസ്റ്റിൻ കുര്യാക്കോസ്. പ്രൊഡക്ഷൻ കൺട്രോളർ: റെക്സി രാജീവ് ചാക്കോ. പി ആർ ഒ: മഞ്ജു ഗോപിനാഥ്
Content Highlights: beyond the seven seas, malayalam movie audio release
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..