മുംബൈ:  ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ ഐ.സി.സി.യുടെ ഈ വര്‍ഷത്തെ ടെസ്റ്റ് ടീമിലേയ്ക്ക് പരിഗണിക്കാതിരുന്ന നടപടിയെ ചോദ്യം ചെയ്ത് ബി.സി.സി.ഐ. അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍. ഇന്ത്യന്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിട്ടും കോലി ടെസ്റ്റ് ടീമില്‍ നിന്ന് തഴയപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. എങ്കിലും അശ്വിന്‍ മികച്ച ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. പ്രൊ റെസലിങ്ങിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പാര്‍ലമെന്റംഗം കൂടിയായ ഠാക്കൂര്‍.

രാജ്യത്തെ നിലവിലെ സ്ഥിതി ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങള്‍ക്കും ഗുണകരമല്ലെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയുടെ വിധി വരുന്നതു വരെ കാത്തിരിക്കണമെന്നും ഠാക്കൂര്‍ പറഞ്ഞു. ജനുവരി മൂന്നിനാണ് സുപ്രീം കോടതി കേസില്‍ വിധി പറയാന്‍ വച്ചിരിക്കുന്നത്.

സര്‍ക്കാരില്‍ നിന്ന് ഒരു ചില്ലിക്കാശ് വാങ്ങാതെയാണ് ബി.സി.സി.ഐ. പ്രവര്‍ത്തിക്കുന്നത്. അതിന് സ്വന്തമായൊരു ഭരണ സംവിധാനമുണ്ട്. എന്നിട്ടും ചില മുന്‍ ക്രിക്കറ്റര്‍മാര്‍ ഞങ്ങളെ വിമര്‍ശിക്കുകയാണ്. ബി.സി.സി.ഐയ്ക്ക് ഇപ്പോള്‍ ഒരുപാട് പണമുണ്ട്. എന്നാല്‍, അത് ചിലവാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇന്ത്യയെ വര്‍ക്കിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്ത ഐ.സി.സി.യുടെ നടപടിയെയും ഠാക്കൂര്‍ വിമര്‍ശിച്ചു. ബി.സി.സി.ഐ.യുടെ സഹായമില്ലാതെ ഐ.സി.സി.ക്ക് പ്രവര്‍ത്തിക്കാനാവുമെന്ന് കരുതുന്നവര്‍ ശക്തമായ ഒരു ആഗോള ക്രിക്കറ്റിന് ബി.സി.സി.ഐ കൂടിയേ തീരു എന്ന് തിരിച്ചറിയണം. ക്രിക്കറ്റ് ശക്തിപ്പെടണമെങ്കില്‍ ബി.സി.സി.ഐയുടെ സഹായം വേണമെന്നതാണ് ഐ.സി.സി.യിലെ പൊതുവികാരം-ഠാക്കൂര്‍ പറഞ്ഞു.

ഐ.സി.സി.യുടെ ഈ വര്‍ഷത്തെ ടെസ്റ്റ് ടീമില്‍ ഇന്ത്യയില്‍ നിന്ന് അശ്വിന്‍ മാത്രമാണ് ഇടംപിടിച്ചത്. എന്നാല്‍, ഏകദിന ടീമില്‍ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും അംഗങ്ങളാണ്.