ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി ഓടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സെപ്റ്റംബറിൽ പ്രദർശനത്തിനെത്തുമെന്നാണ് സൂചന. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാ​ഗത്ത് നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല

അടുത്തിടെയാണ് സിനിമയുടെ 19 മാസവും മൂന്ന് ദിവസവും നീണ്ടു നിന്ന ഷൂട്ടിങിന് അവസാനമായത്. 2019 ഡിസംബർ 23നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. പിന്നീട് ലോക്ഡൗൺ വന്നതോടെയാണ് ചിത്രീകരണം ഒരു വർഷത്തോളം നീണ്ടുപോയത്.

ഗോദ’ യ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വേഷമിടുന്നത്.

സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സം​ഗീതം.

മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. മലയാളം തമിഴ് ഭാഷകളിൽ മിന്നൽമുരളി, ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലുങ്കിൽ മെരുപ്പ് മുരളി, കന്നഡയിൽ മിഞ്ചു മുരളി എന്നിങ്ങനെയാണ് ടൈറ്റിലുകൾ.

content highlights : basil joseph tovino thomas movie minnal murali packup