മീഖ ഗബ്ബിയും ടൊവിനോയും പ്രധാനവേഷങ്ങളിലെത്തിയ ഗോദ വിജയമായതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. ഗുസ്തിക്കാരുടെ കഥ പറയുന്ന ചിത്രമായതിനാല്‍ ഗോദ, ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനെ കാണിക്കണമെന്നായിരുന്നു ബേസിലിന്റെ ആഗ്രഹം. കുറെ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. 

എന്നാല്‍ ബേസിലിന്റെ ബാംഗ്ലൂര്‍ യാത്രയില്‍ സാക്ഷിയെ അവിചാരിതമായി കണ്ടു. അപ്രതീക്ഷിതമായി ഇഷ്ടതാരത്തെ കണ്ടപ്പോള്‍ ബേസില്‍ തന്റെ സിനിമയെക്കുറിച്ച് കുറിച്ച് സാക്ഷിയോട് പറഞ്ഞു. സാക്ഷിയുടെ മറുപടി ബേസിലിനെ ശരിക്കും ഞെട്ടിച്ചു. ബേസില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ.

പഞ്ചാബിയായ ഗുസ്തിക്കാരി പെണ്‍കുട്ടിയുടെ സിനിമയല്ലേ അത്?സിനിമയെക്കുറിച്ച് നേരത്തേ തന്നെ സാക്ഷി വായിച്ചറിയുകയും ട്രെയ്‌ലര്‍ കാണുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ സാക്ഷിയ്ക്ക് ഗോദയുടെ പ്രമോ വീഡിയോ കാണിച്ചു കൊടുത്തു. സാക്ഷിയ്‌ക്കൊപ്പം ഭര്‍ത്താവുമുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് കാപ്പി കുടിച്ചു. കുറച്ചു കാലങ്ങളായി മനസ്സില്‍ ആരാധിക്കുന്ന സാക്ഷിയെ നേരിട്ട് കാണാന്‍ കഴിഞ്ഞുവെന്നത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. സാക്ഷിയെപ്പറ്റി ചിത്രത്തില്‍ പരാമര്‍ശിക്കുന്നുമുണ്ട്. സാക്ഷിയെ വിളിക്കാന്‍ ഞങ്ങള്‍ ഒരുപാട് ശ്രമിച്ചതാണ്. എന്നാല്‍ സാധിച്ചില്ല. ഇപ്പോള്‍ അതിയായ സന്തോഷമുണ്ട്.