മിന്നൽ മുരളി എന്ന ചിത്രത്തിൽ ജൂനിയർ ആർടിസ്റ്റായി അഭിനയിച്ച അച്ചൻ കുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബേസിൽ ജോസഫ്. സിനിമയിൽ മുഴുനീളമുള്ള കഥാപാത്രമാണ് അദ്ദേഹത്തിന്റേതെന്നും സെറ്റിൽ എല്ലാവർക്കും പ്രിയപ്പെട്ട ആളായിരുന്നു കുഞ്ഞേട്ടനെന്നും ബേസിൽ പറയുന്നു. ഹൃദയാഘാതം മൂലമായിരുന്നു അച്ചൻ കുഞ്ഞിന്റെ വിയോ​ഗം.

ബേസിൽ ജോസഫിന്റെ വാക്കുകൾ:

മിന്നൽ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ൻ കുഞ്ഞേട്ടൻ ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു. വയനാട്ടിലെ ഷൂട്ടിങ്ങിനിടയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി വരികയും പിന്നീട് അസാധ്യമായ നർമബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി .

എന്ത് ടെൻഷൻ ഉള്ള ഷൂട്ടിനിടയിലും അച്ഛൻ കുഞ്ഞേട്ടൻ ആ വഴി പോയാൽ ബഹു കോമഡി ആണ്. അത്രയ്ക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനിൽ അദ്ദേഹം പടർത്തിയിരുന്നത്.

അതുകൊണ്ടു തന്നെ മാസങ്ങൾ നീണ്ടു നിന്ന ഷൂട്ടിങ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരൻ ആയി മാറിയിരുന്നു അദ്ദേഹം.

പട്ടിണിയും ദാരിദ്ര്യവും ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ മാത്രം ശ്രമിച്ചിരുന്ന അച്ചൻ കുഞ്ഞേട്ടൻ, ഒടുവിൽ താൻ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാൻ കഴിയാതെ യാത്രയായതിൽ ഒരുപാട് വിഷമമുണ്ട്.

എങ്കിലും അവസാന നാളുകളിൽ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും ,ആ സിനിമയോടൊപ്പം പല നാടുകൾ സഞ്ചരിക്കുകയും പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാൻ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതിൽ ആശ്വസിക്കുന്നു. ആദരാഞ്ജലികൾ .

content highlights : basil joseph on demise of minnal murali movie junior actor achan kunju