കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സംവിധായകനാണ് ബേസില്‍ ജോസഫ്. ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ടായിരുന്നു ബേസിലിന്റെ സിനിമാ പ്രവേശനം. പ്രിയംവദ കാതരയാണോ?' 'ഒരു തുണ്ട് പടം' തുടങ്ങിയ ഹൃസ്വചിത്രങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. എന്നാല്‍ ഒരു വൈദികന്റെ മകനായ തനിക്ക് ചെറുപ്പത്തില്‍ സിനിമ കാണുന്നതിന് പോലും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ബേസില്‍. മാതൃഭൂമി കപ്പ ടി.വിയുടെ ഹാപ്പിനെസ്സ് പ്രോജക്ടില്‍ ബേസില്‍ മനസ്സ് തുറക്കുന്നു.

ബേസിലിന്റെ വാക്കുകള്‍

'സിനിമ കാണുന്നത് ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് പറയാന്‍ സാധിക്കില്ല. ദൂരദര്‍ശനില്‍ വരുന്ന സിനിമകള്‍ കാണും. മലയാള സിനിമ കാസറ്റ് എടുത്തു കാണും. അല്ലാതെ പുറത്തുള്ള സിനിമകള്‍ കാണാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. വളരെ മതപരമായ കുടുംബമാണ് ഞങ്ങളുടേത്. അച്ഛന്‍ ഒരു വൈദികനാണ്. എന്റെ അച്ഛന്റെ അച്ഛന്‍ ആകെ ജീവിതത്തില്‍ കണ്ടിരിക്കുന്ന സിനിമ ജീവിതനൗകയാണ്. അതുകൊണ്ട് തന്നെ സിനിമാപരമായ യാതൊരു പാരമ്പര്യവും ഇല്ല. പിന്നെ വയനാട്ടില്‍ അങ്ങനെ അധികം സിനിമാക്കാരില്ല . ചിത്രീകരണങ്ങള്‍ പോലും നന്നേ കുറവാണ്. അബു സലിം ആണ് വയനാട്ടിലെ പ്രധാന സിനിമാക്കാരന്‍.

മലയാള സിനിമ ഒക്കെ തീയേറ്ററില്‍ പോയി കാണാറുണ്ടായിരുന്നു വല്ലപ്പോഴും. അച്ഛന്‍ കൂടെ അങ്ങനെ വരാറില്ല. പള്ളീലച്ചന്മാര്‍ സിനിമയ്ക്ക് പോകാന്‍ പാടില്ലെന്നുള്ള ഒരു പൊതുവായ സങ്കല്‍പം ഉണ്ടല്ലോ . ഒന്നോ രണ്ടോ സിനിമയ്‌ക്കേ അച്ഛന്‍ വന്നിട്ടുള്ളൂ. അതും തിയേറ്ററില്‍ ക്യാബിനിലൊക്കെ കൊണ്ടിരുത്തിയാണ് കണ്ടിട്ടുള്ളത്. അതുപോലെ അമ്പത് നോമ്പിന്റെ സമയത്തൊന്നും സിനിമ കാണാന്‍ അമ്മ സമ്മതിക്കാറില്ല. ആ സമയത്തായിരിക്കും വെക്കേഷന്‍ സിനിമകള്‍ ഇറങ്ങുന്നത്. പക്ഷേ അമ്മ ഉടക്കുണ്ടാക്കും. പിന്നേ പള്ളീലച്ചന്റെ മോനാ നോമ്പ് കാലത്ത് സിനിമയ്ക്ക് പോകുന്നതെന്ന് പറഞ്ഞ്. 

സിനിമ പക്ഷേ ഭയങ്കര ഇഷ്ടമായിരുന്നു. പിന്നെ മിമിക്രി ചെയ്യാറുണ്ടായിരുന്നു. സിനിമാ നടന്മാരുടെ വീട്ടിലെ പട്ടിയെ  അനുകരിക്കുന്നതായിരുന്നു പ്രധാന ഐറ്റം. അത്ര സ്റ്റാന്‍ഡേര്‍ഡ് മിമിക്രി ഒന്നുമില്ലായിരുന്നു. പക്ഷേ വീട്ടില്‍ ആരെങ്കിലും വരുമ്പോള്‍ അച്ഛനൊക്കെ നമ്മളെ വിളിപ്പിച്ച് മിമിക്രി കാണിപ്പിക്കുമായിരുന്നു. പിന്നെ അമ്മയുടെ അച്ഛന്‍ അല്പം കലാപരമായി താത്പര്യമുള്ള ആളായിരുന്നു. നാടകത്തിലൊക്കെ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ്. 

ഞാന്‍ ഷോര്‍ട് ഫിലിം ചെയ്ത സമയത്ത് അച്ഛന്റെ പ്രധാന പ്രശ്‌നം എന്തായിരുന്നു എന്ന് വച്ചാല്‍ വീട്ടിലൊക്കെ ആരെങ്കിലും വരുന്ന സമയത്ത് മകന്‍ ഒരു ഷോര്‍ട് ഫിലിം എടുക്കുത്തിട്ടുണ്ട് അത് 'ഒരു തുണ്ടുപട'മാണെന്നൊന്നും പറയാന്‍ പറ്റില്ല  എന്നുള്ളതായിരുന്നു. അതുകൊണ്ട് അതിനെപ്പറ്റി മിണ്ടില്ലായിരുന്നു. പ്രിയംവദ കാതരയാണോ എന്ന ഷോര്‍ട്ട് ഫിലിമിനെപ്പറ്റി പറയാറുണ്ട്. ഇതിനെപ്പറ്റി ചോദിച്ചാല്‍ മിണ്ടാതിരിക്കും. 

അച്ഛന് ഞാന്‍ സിനിമയില്‍ വന്നതില്‍ എതിര്‍പ്പൊന്നുമില്ല. ആള്‍ക്ക് ഞാന്‍ എങ്ങനെയായാലും രക്ഷപ്പെട്ടാല്‍ മതിയെന്നേയുള്ളൂ. പിന്നെ പള്ളീലച്ചന്റെ മകന്‍ ആയതുകൊണ്ട് നാട്ടുകാര്‍ക്കും ഇടവകക്കാര്‍ക്കുമൊക്കെ അല്പം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം മാറി."

Content Highlights : basil joseph director malayalam cinema godha kunjiramayanam basil