വീരസിംഹ റെഡ്ഡിയിൽ ബാലകൃഷ്ണ | ഫോട്ടോ: twitter.com/NBK_Unofficial
തെലുങ്കിൽ ഏറെ ആരാധകരുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. ബാലകൃഷ്ണയുടെ ഓരോ ചിത്രവും ആഘോഷമാക്കാറുണ്ട് ആരാധകർ. ഇക്കഴിഞ്ഞ പൊങ്കൽ ദിനം റിലീസായ 'വീരസിംഹ റെഡ്ഡി'യുടെ ആദ്യപ്രദർശനവും വലിയതോതിൽ കൊണ്ടാടിയിരുന്നു അവർ. എന്നാൽ ഇത്തരത്തിലുള്ള ഒരാഘോഷം പ്രദർശനം തന്നെ മുടക്കിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
വിശാഖപട്ടണത്തിനടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയേറ്ററിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 'വീരസിംഹ റെഡ്ഡി'യുടെ പ്രദർശനം നടക്കുന്നതിനിടെ സ്ക്രീനിൽ തീ പടരുകയായിരുന്നു. ആരാധകരുടെ അതിരുവിട്ട ആവേശപ്രകടനത്തിനിടെ സംഭവിച്ച അപകടമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ സമയം തിയേറ്ററിലുണ്ടായിരുന്നവരെ ഉടനടി ഒഴിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സിനിമാ പ്രദർശനത്തിനിടെ അമിതാവേശം കാണിച്ച് പൊല്ലാപ്പിൽപ്പെടുന്നത് ബാലകൃഷ്ണ ആരാധകരെ സംബന്ധിച്ചടത്തോളം പുത്തരിയല്ല. മുമ്പ് അമേരിക്കയിൽ ആരാധകരുടെ ആവേശത്തിൽ സിനിമാ പ്രദർശനങ്ങൾ മുടങ്ങിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആക്ഷൻ എന്റർടെയിനറായെത്തിയ ചിത്രം ഗോപിചന്ദ് മാലിനേനിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്.
ഇരട്ടവേഷത്തിൽ ബാലകൃഷ്ണ എത്തിയ ചിത്രത്തിൽ ശ്രുതി ഹാസനും ഹണി റോസുമാണ് നായികമാർ. വരലക്ഷ്മി ശരത്കുമാർ, ലാൽ, ദുനിയാ വിജയ് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിൽ. മൈത്രി മൂവീ മേക്കേഴ്സാണ് 'വീരസിംഹ റെഡ്ഡി'യുടെ നിർമാണം.
Content Highlights: veera simha reddy movie news, nandamuri balakrishna new film update
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..