ഉത്രാടരാത്രിയുടെ പോസ്റ്റർ, ബാലചന്ദ്ര മേനോൻ
തന്റെ ആദ്യ സംവിധാന സംരഭമായ ഉത്രാടരാത്രിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് ബാലചന്ദ്രമേനോന്. 1978 ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ ഇന്ന് ചിത്രത്തിന്റെ ഒരു പതിപ്പ് പോലും അവശേഷിക്കുന്നില്ല. ഉത്രാടരാത്രിയെ വീണ്ടും പുനരാവിഷ്കരിക്കാന്‍ പ്രേക്ഷകരുടെ സഹായം തേടുകയാണ് ബാലചന്ദ്രമേനോന്.
ബാലചന്രമേനോന്റെ കുറിപ്പ്
ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ !
ഇന്ന് ജൂലൈ 21 .....
അതെ. 43 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1978 -ല്‍ ഇതേ ദിവസം എന്റെ ആദ്യ ചിത്രമായ 'ഉത്രാടരാത്രി' തിരശ്ശീലയിലെത്തി ....
അതിനെപ്പറ്റി പറയുമ്പോള്‍ എന്റെ മനസ്സ് ഒരു തരത്തില്‍ സന്തോഷം കൊണ്ട് നിറയുന്നുണ്ട് . ഒപ്പം, ഞാന്‍ അറിയാതെ തന്നെ പറഞ്ഞറിയിക്കാനാവാത്ത, പരിഹരിക്കാനാവാത്ത ഒരു നൊമ്പരവും എന്റെ ഉള്ളിന്റെ ഉള്ളില്‍ ഉറഞ്ഞു കൂടുന്നു ....
സന്തോഷത്തിനു കാരണം .....
സാമ്പത്തിക വിജയം നേടി എന്ന് പറയാനാവില്ലെങ്കിലും, ഒരു സംവിധായകന്റെ ജനനം എന്ന് പ്രേക്ഷകരും മാദ്ധ്യമങ്ങളും ഒരേപോലെ ശ്ളാഘിച്ച ചിത്രം എന്ന സല്‍പ്പേര് ഉത്രാടരാത്രിക്ക് ലഭിച്ചു. എന്തിനധികം പറയുന്നു ? 2013 ല്‍ പുറത്തിറങ്ങിയ എന്റെ ഇന്നിത് വരെയുള്ള ചിത്രങ്ങളെ വിലയിരുത്തിയ 'ഇത്തിരി നേരം ഒത്തിരി കാര്യം ' എന്ന പുസ്തകത്തില്‍ ഉത്രാടരാത്രിയെ പറ്റി എഴുത്തുകാരി റോസ്മേരി കുറിച്ചത് ഇങ്ങനെയാണ് ....
'ഉത്രാടരാത്രി ശരിക്കും ശ്രദ്ധിക്കപ്പെട്ടു.'ഇതാ മലയാളത്തില്‍ ഒരു പുതിയ സംവിധായകന്റെ രംഗപ്രവേശം' എന്ന് നിരൂപകര്‍ കുറിച്ചിട്ടു. ഒരു നല്ല ചിത്രം എന്ന അംഗീകാരം ലഭിച്ചു. മേനോന് ചിത്രങ്ങളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച സിനിമ ഏതെന്നു ചോദിച്ചാല്‍ ഉത്രാടരാത്രി എന്നു ഞാന്‍ നിസ്സംശയം പ്രഖ്യാപിക്കും ....'
ഒരു സിനിമ ചെയ്യണമെന്നേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു ...എന്നാല്‍ നാല് പതിറ്റാണ്ടുകള്‍ക്ക് മീതെ സിനിമയുടെ സര്‍വ്വ മണ്ഡലങ്ങളിലും ഇടപെട്ട് നിങ്ങളുടെയൊക്കെ പ്രീതി സമ്പാദിച്ചു 37 സിനിമകള്‍ എനിക്ക് സാധിച്ചു എന്ന് പറഞ്ഞാല്‍ 'ആനന്ദ ലബ്ധിക്കിനി എന്ത് വേണം ?' എന്നാരേലും ചോദിച്ചാല്‍ തെറ്റ് പറയാനാവില്ല.
അപ്പോള്‍ നൊമ്പരത്തിനു കാരണം ?
അതിന്റെ കാരണം ഞാന്‍ വീഡിയോയില്‍ പറയുന്നുണ്ട്. കണ്ടാട്ടെ ...
ഇത്രയൊക്കെ നേടിയിട്ടും ഇപ്പോള്‍ എന്റെ വേദന എന്ന് പറയുന്നത് ഈ ഭൂമുഖത്തു നിന്ന് ഇല്ലാതായ എന്റെ കടിഞ്ഞൂല്‍ സൃഷ്ടിയെ കുറിച്ചാണ്. അത് എങ്ങിനെയും പുനരാവിഷ്ക്കരിക്കണം എന്നൊരു മോഹം എന്റെ മനസ്സില്‍ കടന്നുകൂടിയിരിക്കുന്നു... അതിനു എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. ഉത്രാടരാത്രി കണ്ടിട്ടുള്ള പ്രേക്ഷകര്‍ ആ ചിത്രത്തെപ്പറ്റിയുള്ള കഥ തന്തുവടക്കം നിങ്ങളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന( vandv@yahoo.com ) മെയിലിലേക്ക് അയച്ചു തരിക. അലോചിച്ചെഴുതാം എന്ന് ചിന്തിച്ചു ഉഴപ്പരുത് . 'ആറിയ കഞ്ഞി പഴം കഞ്ഞി' എന്നാണ് പ്രമാണം . കഴിവതും ഇന്നേക്ക് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ (അതായത് , ഓഗസ്റ്റ് 5 നു മുന്‍പായി ) കിട്ടിയാല്‍ പണി എളുപ്പമായി ....
ഇത് സംഭവിക്കുകയാണെങ്കില്‍ ഒരു പക്ഷെ ലോകത്തെ ആദ്യ അനുഭവമായിരിക്കും !
ഒരു സംവിധായകന് തന്റെ ആദ്യ സൃഷ്ടിയെ നീണ്ട 43 വര്‍ഷങ്ങള്‍ക്കു ശേഷം പുനരാവിഷ്ക്കരിക്കുന്നു ...അപൂര്‍വ്വമായ , സാഹസികമായ ഈ സംരംഭത്തില്‍ എന്റെ കൂട്ടാളികളായി ഈ ചിത്രം അന്ന് കണ്ടിട്ടുള്ള പ്രേക്ഷകരുടെ ഓര്‍മ്മയുടെ ശകലങ്ങളെ ഞാന്‍ അവലംബിക്കുന്നു ...
അതോര്‍ക്കുമ്പോള്‍ തന്നെ ഞാന്‍ ഉത്രാടരാത്രി സംവിധാനം ചെയ്ത പ്രായത്തിലേക്കു തിരിച്ചു പോകുന്നു ..23 വയസ്സിലേക്കു ......എങ്ങനുണ്ട് ?
എന്താ, എന്നോടൊപ്പം തുണയായി നില്‍ക്കില്ലേ ?
എല്ലാവരും മുട്ടയില്‍ നിന്ന് ഓംലെറ്റ് ഉണ്ടാക്കുന്നു .
ഇത്തവണ നമുക്ക് ഓംലെറ്റില്‍ നിന്നും മുട്ട ഉണ്ടാക്കാന്‍ ശ്രമിച്ചാലോ ?
ഒരു ത്രില്ല് ഇല്ലേ ?
Content Highlights: Balachandra Menon seeks help from audience to remake his first movie uthrada rathri
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..