ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി മലയാളികളുടെ സ്വന്തം ബാലചന്ദ്ര മേനോന്‍. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനാണ് ബാലചന്ദ്ര മേനോന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. കൊല്ലത്ത് ജനിച്ച താന്‍ ഓരോ പടവും ചവിട്ടി കയറിയത് പ്രേക്ഷകരുടെ കയ്യും പിടിച്ചാണെന്നും ലോകത്തില്‍ ഒന്നാമനാകുന്നതിലും മുന്‍പേ മലയാളി മനസ്സില്‍ തന്നെ ഒന്നാമനായി പ്രതിഷ്ഠിച്ചിരുന്നുവെന്നും സര്‍വേശ്വരനോട് താനും കുടുംബവും നന്ദി പറയുന്നുവെന്നും റെക്കോര്‍ഡ് നേട്ടം പങ്കുവച്ച് കൊണ്ട് ബാലചന്ദ്രമേനോന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ബാലചന്ദ്ര മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് : 

ഇത് അപൂര്‍വ്വമായ ഒരു അനുഭവം. വെട്ടിക്കാട് ശിവശങ്കരപിള്ളയുടെയും കണ്ടനാട് ലളിത ദേവിയുടെയും മകനായി എല്ലാവരെയും പോലെ ഭൂജാതനായ എന്നില്‍ എല്ലാവരെയും പോലെ മത്സരബുദ്ധിയുണ്ടായതെങ്ങനെ എന്ന് ഇപ്പോഴും അറിയില്ല. നിങ്ങള്‍ എന്നെ കമ്മ്യുണിസ്റ്റാക്കി എന്ന് പറഞ്ഞു കേട്ടിട്ടുള്ളത് പോലെ എല്ലാവരും കൂടി ചേര്‍ന്ന് എന്നില്‍ ഉത്തേജകമരുന്ന് കുത്തിവെച്ചു.1969 ല്‍ SSLC ക്കു ഇടവ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി എന്ന് മുറാവാക്യം മുഴക്കിക്കൊണ്ട് അച്ഛനരികിലേക്കു ഓടി ചെന്ന എന്നോട് അച്ഛന്‍ ചോദിച്ചു :
'ഇടവ പഞ്ചായത്തില്‍ ഒന്നാമനായതിനു നീ ഈ ലഹള തുടങ്ങിയാല്‍ കേരളം സംസ്ഥാനത്തു ഒന്നാം റാങ്ക് വാങ്ങിയ കുട്ടിയെപ്പറ്റി എന്ത് പറയുന്നു ?'

അന്ന് തുടങ്ങിയതാവണം ഈ മത്സര രോഗം .ഒന്നാമനാകാനുള്ള അദമ്യമായ അഭിവാഞ്ച. ഒരു കാര്യം മാത്രം ഉറപ്പാക്കി. നേരായ മാര്‍ഗ്ഗത്തിലൂടെയാവണം. ആത്മാര്‍ത്ഥമായ അദ്ധ്വാനത്തിലൂടെ ആവണം 
അവസരസേവ പിടിച്ചും സ്വയം മുദ്രാവാക്യം മുഴക്കിയും ആവരുത്. അര്‍ഹതപ്പെട്ട ഒന്നാം സ്ഥാനം ആവണം. അങ്ങിനെ പഠിച്ച സ്‌കൂളില്‍ ഒന്നാമനായി. പഞ്ചായത്തില്‍ ഒന്നാമനായി. കോളേജുകളില്‍ ഒന്നാമനായി. കേരളം സംസ്ഥാനത്തു ഒന്നാമനായി. ഇന്ത്യയില്‍ ഒന്നാമനായി. ഇപ്പോള്‍ ലോകത്തു ഒന്നാമനായി. ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ആധികാരികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ വിശ്വ മഹാകടാഹത്തില്‍ ഒരു നിമിഷമെങ്കിലും ഒന്നാമനാവുക എന്നാല്‍ അത് ദൈവം തന്ന വരദാനമാണ് ...കൊല്ലത്തു ജനിച്ച ഞാന്‍ പടവുകള്‍ ചവുട്ടി ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ കൈയും പിടിച്ചാണ്. ലോകത്തില്‍ ഒന്നാമനാവും മുന്‍പേ മലയാളി മനസ്സില്‍ നിങ്ങള്‍ എന്നെ ഒരു ഒന്നാം സ്ഥാനത്തു പ്രതിഷ്ട്ടിച്ചു കഴിഞ്ഞു ...ആ ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടുത്താതെ ലോകത്തെ ഒന്നാം സ്ഥാനം കിട്ടിയതില്‍ ഞാനും എന്റെ കുടുംബവും വിനയപൂര്‍വ്വം തല കുനിച്ചുകൊണ്ടു സര്‍വേശ്വരന് നന്ദി പറയുന്നു .....
' എന്നാലും ശരത്ത് ' ഷൂട്ടിങ് മുക്കാലോളം കഴിഞ്ഞു ....ലൊക്കേഷനിലേക്കുള്ള കാറിന്റെ ഡ്രൈവര്‍ ഹോണ്‍ മുഴക്കുന്നു ....

that's ALL your honour !

balachandra

ഇരുപത്തിയൊമ്പത് ചിത്രങ്ങളിലാണ് ബാലചന്ദ്രമേനോന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചിട്ടുള്ളത്. 1978ല്‍ പുറത്തിറങ്ങിയ ഉത്രാടരാത്രിയാണ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം. 2015ല്‍ പുറത്തിറങ്ങിയ ഞാന്‍ സംവിധാനം ചെയ്യും ആണ് അവസാനത്തേത്. അമേരിക്കന്‍ സംവിധായകനായ വൂഡി അല്ലന്‍ ആണ് പട്ടികയില്‍ രണ്ടാമത്. ഇരുപത്തിയാറ് ചിത്രങ്ങളാണ് വൂഡി അലന്റെ കൈവശമുള്ളത്. ഇരുപത്തിമൂന്ന് ചിത്രങ്ങളുമായി കെ ഭാഗ്യരാജാണ് പട്ടികയില്‍ മൂന്നാമത്. 

Content Highlights : balachandra menon limca book of records maximum number of films scripted directed acted in