ബാലചന്ദ്രമേനോൻ | ഫോട്ടോ: ജി. ശിവപ്രസാദ് | മാതൃഭൂമി
തനിക്ക് ദേശീയ പുരസ്കാരം ലഭിച്ചതാണ് ജീവിതത്തില്‍ ഏറ്റവും വലിയ നിരാശ സമ്മാനിച്ചതെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലായ ഫിലിമി ഫ്രൈഡേയിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. സമാന്തരങ്ങള്‍ എന്ന സിനിമയ്ക്ക് മികച്ച നടന്, മികച്ച സംവിധായകന്, മികച്ച സിനിമ എന്നീ വിഭാഗങ്ങളില്‍ മൂന്ന് പുരസ്കാരങ്ങള്‍ നല്കാന് ജൂറി തീരുമാനിച്ചിരുന്നുവെങ്കിലും മലയാളിയായ ഒരു ജൂറി അംഗം എതിര്‍ത്തതോടെ തീരുമാനം മാറ്റിയതെന്നും ബാലചന്ദ്ര മേനോന് പറയുന്നു.
ബാലചന്ദ്ര മേനോന്റെ വാക്കുകള്‍
സമാന്തരങ്ങള്‍ എന്ന ചിത്രത്തില്‍ ഏറ്റവും നല്ല നടനുള്ള പുരസ്കാരവും ഏറ്റവും നല്ല കുടുംബചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു. അത് എന്നെ സംബന്ധിച്ച് വലിയ അഭിമാനമായിരുന്നു. കാരണം ഞാന്‍ കുടുംബ ചിത്രങ്ങള്‍ എടുക്കുന്ന വ്യക്തിയാണ്. എന്നാല്‍ അതില്‍ ഒരു വലിയ നിരാശയുണ്ട്. അതിന് മുന്‍പ് ആ സിനിമയുടെ പശ്ചാത്തലം പറയാം.
എന്റെ അച്ഛന് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാത്ത ഉദ്യോഗസ്ഥനായിരുന്നു. കൊട്ടാരക്കരപോലുള്ള സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ ഫിലിം പെട്ടികള്‍ ട്രെയിനിലാണ് വന്നിരുന്നത്. അതുകൊണ്ടു തന്നെ റെയില്‍വേ ജീവനക്കാര്‍ സൗജന്യടിക്കറ്റ് നല്‍കുമായിരുന്നു. അതൊരിക്കലും അച്ഛന് സ്വീകരിച്ചിരുന്നില്ല. പിന്നെ ഇംഗ്ലീഷ് മീഡിയം പാടില്ല, ട്യൂഷന് പാടില്ല എന്നൊക്കെയായിരുന്നു നിലപാട്.
എനിക്ക് ദേശീയപുരസ്കാരം ലഭിച്ചപ്പോള്‍ ഒരുപാട് പേര് അഭിനന്ദിച്ചു. കൂടെ താമസിക്കുന്ന അച്ഛന് മാത്രം ഒന്നും പറഞ്ഞില്ല. അത് അമ്മയോട് സൂചിപ്പിച്ചപ്പോള്‍ അമ്മ അച്ഛനോട് പറഞ്ഞു. അപ്പോള്‍ അച്ഛന് പറഞ്ഞു, ''എത്ര നാളായി അവന് സിനിമയില്‍ വന്നിട്ട്, എത്ര കുടുംബ ചിത്രങ്ങളെടുത്തു, എന്നിട്ട് ഇപ്പോള്‍ പുരസ്കാരം ലഭിച്ചത് റെയില്‍വേ ആധാരമാക്കി എടുത്ത ചിത്രമല്ലേ'' . അത്രയും ഇഷ്ടമായിരുന്നു അച്ഛന് റെയില്‍വേയോട്. അത് എന്നെയും സ്വാധീനിച്ചു.
ആദ്യം തിലകനെ വച്ചായിരുന്നു സമാന്തരങ്ങള്‍ ചെയ്യണമെന്ന് വിചാരിച്ചത്. അത് നടന്നില്ല. പിന്നീട് ഞാന്‍ തന്നെ അഭിനയിക്കാമെന്ന് വിചാരിച്ചു. എല്ലാവരും അത് എതിര്‍ത്തുവെങ്കിലും ഞാന്‍ തന്നെ ചെയ്തു. എന്റെ ഭാര്യയായിരുന്നു സിനിമ നിര്‍മിച്ചത്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമയുടെ പ്രിവ്യൂ കഴിഞ്ഞ് ഞാനും ഭാര്യയും പുറത്തേക്കിറങ്ങിയപ്പോള്‍ ജഗതി ശ്രീകുമാറിനെ കണ്ടു. ഒരു സ്റ്റേറ്റ് പുരസ്കാരം മണക്കുന്നുവെന്ന് ജഗതി പറഞ്ഞു. ''എന്താ ദേശീയ പുരസ്കാരം ലഭിച്ചാല്‍ പുളിക്കുമോ'' എന്ന് ഞാനും തിരിച്ചു പറഞ്ഞു.
കാറില്‍ തിരികെ വീട്ടിലേക്ക് പോകുന്ന വഴി ഞാന്‍ ഭാര്യയോട് സിനിമയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. അപ്പോള്‍ ഭാര്യ, പറഞ്ഞു സംസ്ഥാന പുരസ്കാരം ലഭിക്കുമെന്ന് തോന്നുന്നു. ഞാന്‍ ഉറപ്പിച്ചു പറഞ്ഞു, അല്ല, മൂന്ന് ദേശീയ പുരസ്കാരം ലഭിക്കുമെന്ന്.
അങ്ങനെ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ എനിക്കും സുരേഷ് ഗോപിയ്ക്കും മികച്ച നടനുള്ള പുരസ്കാരം. എല്ലാവരും അഭിനന്ദിച്ചുവെങ്കിലും എന്തോ എനിക്കത്ര ആവേശം തോന്നിയില്ല. പുരസ്കാരം വാങ്ങാന്‍ ഡല്‍ഹിയിലേക്ക് പോയപ്പോള്‍ അവിടെ റിഹേഴ്സലുണ്ട്. ജൂറി ചെയര്‍പേഴ്സണ്‍ സരോജ ദേവിയെ ഞാന്‍ അവിടെ വച്ചു കണ്ടു. സരോജ ദേവിയ്ക്ക് എന്നെ പരിചയപ്പെടുത്തിയപ്പോള്‍, അവര്‍ ആവേശത്തോടെ സംസാരിച്ചു. അവരുടെ കൂട്ടത്തിലൊരാള്‍ എന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് കണ്ടു. എല്ലാവരും നടന്നുനീങ്ങിയപ്പോള്‍ അയാള്‍ എന്റെ കയ്യില്‍ പിടിച്ചു. ''ഞാന്‍ ദേവേന്ദ്ര ഖണ്ഡേല്‍വാള്‍ ആണ്. നിങ്ങള്‍ നന്നായി ചെയ്തു. എനിക്ക് നിങ്ങളോട് ഒരുകാര്യം പറയാനുണ്ട്. അശോക ഹോട്ടലിലാണ്. ഇതാണ് റൂം നമ്പര്‍ നിങ്ങള്‍ വരണം മനസ്സിലെ ഭാരം ഇറക്കിവയ്ക്കണം.''
രണ്ടുപേര്‍ക്ക് പുരസ്കാരം നല്കാന് വേദിയിലേക്ക് ആര് ആദ്യം കയറണം എന്നതിന്റെ മാനദണ്ഡം സീനിയോരിറ്റിയോ, അക്ഷരക്രമമോ ആണ്. രണ്ടായാലും ഞാനാണ് ആദ്യം വരേണ്ടത്. എന്നാല്‍ പുരസ്കാരദാന ചടങ്ങില്‍ ആദ്യം സുരേഷ് ഗോപിയുടെ പേരാണ് വിളിച്ചത്. അതിലെനിക്ക് ചെറിയ വിഷമം തോന്നി. എന്നാല്‍ ഞാനത് ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കാതിരുന്നത് കൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല. ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ സുരേഷ് ഗോപിയോട് തന്നെ അക്കാര്യം പറഞ്ഞു. അതോടെ എന്റെ മനസ്സിലെ ഭാരം കുറഞ്ഞു.
പിറ്റേ ദിവസം ലിഫ്റ്റില്‍ വച്ച് ദേവേന്ദ്ര ഖണ്ഡേല്‍വാളിനെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, താന്‍ നേരത്തേ സൂചിപ്പിച്ച കാര്യം തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന്. അദ്ദേഹം പറഞ്ഞു, ''സമാന്തരങ്ങള്‍ ജൂറിയെ വിസ്മയിപ്പിച്ചു. ബാലചന്ദ്രമേനോന്, മികച്ച നടനും സംവിധായകനും മികച്ച സിനിമയ്ക്കുമുള്ള പുരസ്കാരം നിങ്ങളുടെ സിനിമയ്ക്കായിരുന്നു. എന്നാല്‍ അതിലൊരാള്‍ എതിര്‍ത്തു. അതൊരു മലയാളി തന്നെയായിരുന്നു എന്നതാണ് അത്ഭുതം''. അതാരാണെന്ന് ഞാന്‍ പറയുന്നില്ല. ശരിക്കും ഞെട്ടിക്കുന്ന ഒരു വിവരമായിരുന്നു അത്. കേന്ദ്രത്തില്‍ മികച്ച നടനായ ഞാന്‍ കേരളത്തില്‍ ഒന്നുമല്ലാതായി. ഇവിടെ ലഭിച്ചത് സിനിമയിലെ നാനാതുറയിലെ സംഭാവനയ്ക്ക് പുരസ്കാരം.
സമാന്തരത്തില്‍ ഞാന്‍ പത്ത് ഡിപ്പാര്‍ട്ട്മെന്റിലാണ് ജോലി ചെയ്തത്. എനിക്കത് അഭിമാനത്തോടെ പറയാനാകും. ഞാനിതുവരെ കേരളത്തില്‍ ഒരു ജൂറിയുടെയും ഭാഗമായിട്ടില്ല. അതിനുവേണ്ടി ഞാന്‍ ശ്രമിച്ചതുമില്ല. എന്നാല്‍ ദേശീയപുരസ്കാര ജൂറിയില്‍ ഒരു തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്- ബാലചന്ദ്ര മേനോന് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..