ബാലഭാസ്‌കർ | Photo: Mathrubhumi Archives
ഉദിച്ചുയർന്ന് പ്രകാശം പരത്തി തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. ഏറെദൂരം സഞ്ചരിക്കാനുമുണ്ടായിരുന്നു. പക്ഷേ, പാതി മുറിഞ്ഞൊരു പാട്ടുപോലെ, പൊലിഞ്ഞുപോയി ആ നക്ഷത്രം. ബാലഭാസ്‌കർ യാത്രയായി രണ്ടാം വർഷമെത്തുമ്പോൾ ആദ്യം ഓർമയിലെത്തുന്നത് നിലയ്ക്കാത്ത കൈയടികളോടെ സ്വീകരിക്കപ്പെടുന്ന ആ സംഗീതവിസ്മയം.
‘ബാലുവിന് സംഗീതം ജീവനായിരുന്നു. ഒഴിവു കിട്ടുമ്പോഴെല്ലാം ഓടി എന്റെയടുത്തു വരും, പ്രാക്ടീസ് ചെയ്യും. നല്ല ജ്ഞാനമുണ്ടായിരുന്നു സംഗീതത്തിൽ. എത്ര വേണമെങ്കിലും കഠിനാധ്വാനം ചെയ്യും. സംഗീതത്തിനുവേണ്ടി സമർപ്പണംചെയ്ത ജീവിതമായിരുന്നു അവന്റേത്’ -അമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി.ശശികുമാറിന് ബാലുവിന്റെ സംഗീതത്തെപ്പറ്റിയും ബാലുവെന്ന ശിഷ്യനെപ്പറ്റിയും ഏറെ പറയാനുണ്ട്. മൂന്നാം വയസ്സിൽ കളിപ്പാട്ടംപോലെ കൈയിലെടുത്ത വയലിൻ പിന്നീട് ജീവനും ജീവിതവുമായി മാറുകയായിരുന്നു. 12-ാം വയസ്സിലായിരുന്നു ആദ്യ പെർഫോമൻസ്. മോഡൽ സ്‌കൂളിൽ പഠിക്കുമ്പോൾ യൂത്ത് ഫെസ്റ്റിവലുകളിൽ മിന്നുംതാരമായി. യൂണിവേഴ്‌സിറ്റി കോളേജിലെത്തുമ്പോൾ ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്ക്കു സംഗീതംചെയ്ത് ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. ‘കൺഫ്യൂഷൻ’ എന്ന പേരിൽ കോളേജ് മ്യൂസിക് ബാൻഡുണ്ടാക്കി. പിന്നീട് ഈസ്റ്റ് കോസ്റ്റ് ആൽബങ്ങളിലൂടെ നേരിട്ട് ആസ്വാദകഹൃദയങ്ങളിലേക്ക്.
സുഹൃത്തായ ജാസി ഗിഫ്റ്റിനും യൂണിവേഴ്‌സിറ്റി കോളേജിൽ തുടങ്ങിയ സൗഹൃദത്തെക്കുറിച്ചു പറയാൻ ഏറെയുണ്ട്. കോളേജിൽ ബാലുവിന്റെ സീനിയറായിരുന്നു ജാസി.
‘അന്ന് ‘സംസ്‌കാര’ എന്ന കോളേജ് കൾച്ചറൽ യൂണിറ്റിന്റെ കൺവീനറായിരുന്നു ഞാൻ. അതിൽ ആദ്യം വയലിൻ വായിക്കാൻ വിളിച്ചാണ് ബാലുവിനെ പരിചയപ്പെടുന്നത്. പിന്നെ സുഹൃത്തുക്കളായി.
ഞാനന്ന് കോവളത്ത് വിദേശികൾക്കുവേണ്ടി പാട്ടുപാടാൻ പോയിരുന്നു. വയലിൻ വായിക്കാൻ ഇടയ്ക്കൊക്കെ ബാലുവും അവിടെ വന്നിരുന്നു. ഇടയ്ക്കിടെ ബാലു കോളേജിൽനിന്ന് അപ്രത്യക്ഷനാകും, റെക്കോഡിങ്ങിനു പോകുന്നതാണ്.
റെക്കോഡിങ്ങിനെപ്പറ്റി ആദ്യം കേൾക്കുന്നത് ബാലുവിൽനിന്നാണ്. ആദ്യം കണ്ടത് ബാലുവിന്റെ ആൽബത്തിന്റെ റെക്കോഡിങ്ങാണ്. തിരുവനന്തപുരത്തെ ഒരു സ്റ്റുഡിയോയിൽ വച്ച്.
കുറച്ചുനേരം സംസാരിച്ചാൽത്തന്നെ കൂടുതൽ കാര്യങ്ങൾ നമുക്കു മനസ്സിലാക്കിത്തരുന്ന ചില വ്യക്തികളുണ്ടല്ലോ. അതിലൊരാളായിരുന്നു ബാലു. ഇന്നു ജീവിച്ചിരിപ്പുണ്ടായിരുെന്നങ്കിൽ ഗ്രാമി അവാർഡിനുപോലും അർഹനായേക്കാവുന്ന വ്യക്തി’-ജാസി ഗിഫ്റ്റ് പറഞ്ഞു.
ബാലു അണ്ണൻ ഇല്ല എന്ന് ഓർക്കാനേ പറ്റാറില്ല. എല്ലാ ദിവസവും അണ്ണനെ ഓർക്കാറുണ്ട് എന്ന് ബാലഭാസ്‌കറിന്റെ സുഹൃത്ത് ഇഷാൻദേവ് പറയുന്നു.
‘യൂണിവേഴ്‌സിറ്റി കോളേജിൽ ഞാൻ ബാലു അണ്ണന്റെ ജൂനിയറായിരുന്നു. ‘കൺഫ്യൂഷൻ’ ബാൻഡിലാണ് ഞങ്ങൾ ഒരുമിക്കുന്നത്. ഞാൻ പാടിയതെല്ലാം ആദ്യം കേൾപ്പിച്ചിരുന്നത് അണ്ണനെയാണ്. എന്റെ മരണം വരെയും എന്റെ മനസ്സിലെന്നും ബാലു അണ്ണനുണ്ടാകും’ -ഇഷാൻ ദേവിന്റെ വാക്കുകൾ.
ബാലഭാസ്‌കറിന്റെ സംഗീതത്തെ ഏറെ സ്നേഹിച്ച ആസ്വാദകർക്കും ഒരിക്കലും വിടപറയാനാവില്ല ആ സംഗീതത്തോട്. സംഗീതത്തിനു മാത്രം പകർന്നുതരാൻ കഴിയുന്ന മാജിക്കാണത് പകരുന്നത്. അതിനു പകരംവയ്ക്കാൻ മറ്റൊന്നിനുമാവില്ല. സാന്ത്വനമായി എന്നും ആ സംഗീതം കാലങ്ങളെ അതിജീവിച്ചു നിലനിൽക്കും.
Content Highlights: Balabhaskar death Anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..