സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഏറുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഡ്രൈവര്‍ അര്‍ജുനും പൂന്തോട്ടം ആശുപത്രി ഉടമ ഡോ.രവീന്ദ്രനാഥിന്റെ മകന്‍ ജിഷ്ണുവും ഒളിവില്‍ പോയതായാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ഡ്രൈവര്‍ അര്‍ജുനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ അസമിലാണ് ഉള്ളതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം.

അപകട സമയത്ത് ബാലഭാസ്‌കറാണോ അതോ അര്‍ജുനാണോ വണ്ടി ഓടിച്ചിരുന്നത് എന്നതിനെ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇതെക്കുറിച്ച് ഇപ്പോള്‍ ഒളിവിലെന്ന് പറയപ്പെടുന്ന അര്‍ജുന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് ജനുവരിയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

ബാലഭാസ്‌കറിനെ പതിനാല് വര്‍ഷങ്ങളായി അറിയാമെന്നും അദ്ദേഹത്തിന്റെ ഔദ്യോഗിക ഡ്രൈവറല്ലെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

'കൊല്ലം വരെ ഞാനാണ് വണ്ടി ഓടിച്ചിരുന്നത്. അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഞങ്ങള്‍ രണ്ടുപേരും ഷെയ്ക്ക് കുടിച്ചു. അതിന് ശേഷം സീറ്റില്‍ ചെന്നു കിടന്നു. ഞാന്‍ ഉറങ്ങിപ്പോയി. ബാലുചേട്ടനാണ് പിന്നെ വണ്ടി എടുത്തത്. പിന്നെ ബോധം വരുമ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ആണ്. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പോലീസിനെ ആശയകുഴപ്പത്തില്‍ ആക്കിയത്. ബാലുചേട്ടന്‍ കാര്‍ എടുക്കുന്ന സമയത്ത് ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു.' 

ഇത്തരം വാര്‍ത്തകള്‍ എന്റെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. ഇപ്പോഴും എണീറ്റ് നടക്കാറായിട്ടില്ലെന്നും ഇടത് കാലിലും അരയിലും കമ്പിയിട്ടിരിക്കുകയാണെന്നും അന്ന് അര്‍ജുന്‍ പറഞ്ഞു. തലയുടെ പിറകിലും താടിയിലും പരിക്കുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. 

സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌ക്കറും മകള്‍ തേജസ്വിനിയും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Content Highlights: balabhaskar death,  arjun said he is innocent and he was sleeping, Arjun driver of balabhaskar and vishnu left Kerala, crime branch