അന്തരിച്ച നടന്‍ സത്താറിന്റെ ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ബൈജു സംവിധായകനായി അരങ്ങേറ്റം കുറിച്ച കമ്പോളം എന്ന ചിത്രം നിര്‍മിച്ചത് സത്താറായിരുന്നു. പൂജയുടെ അന്ന് നിര്‍മാതാവ് അപ്രതീക്ഷിതമായി സിനിമയില്‍ നിന്ന് പിന്‍മാറിയപ്പോള്‍ തനിക്ക് രക്ഷകനായി വന്നത് സത്തറായിരുന്നുവെന്ന് പറയുകയാണ് ബൈജു. സിനിമയുടെ നിര്‍മാതാവ് എന്ന നിലയില്ല ജീവിതത്തിലൂടനീളം തന്റെ മുതിര്‍ന്ന സഹോദരനായിരുന്നു സത്താറെന്ന് ബൈജു മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
ഞാന്‍ സഹസംവിധായകനായി മൂപ്പതോളം സിനിമകളില്‍ ജോലി ചെയ്തതിന് ശേഷമാണ് സ്വതന്ത്രമായി ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങിയത്. കലൂര്‍ ഡെന്നിസ് സാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രം നിര്‍മിക്കാന്‍ കഥയുമായി ഒരുപാട് വാതിലുകള്‍ ഞാന്‍ അന്ന് മുട്ടി. ഒടുവില്‍ ഒരു നിര്‍മാതാവ് സന്നദ്ധനായി രംഗത്ത് വന്നു.

മദ്രാസില്‍ വച്ചായിരുന്നു സിനിമയുടെ പൂജ. ഈ ദിവസം നിര്‍മാതാവ് മുങ്ങി. എന്റെ സിനിമാ മോഹം അതോടു കൂടി പൊലിഞ്ഞു. നിരാശയോടെ എറണാകുളത്തേക്ക് മടങ്ങിയ ഞാന്‍ കലൂര്‍ ഡെന്നിസ് സാര്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോയി. എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുന്ന സമയത്താണ് സത്താറിക്ക വരുന്നത്. ആദ്യമായാണ് ഞാന്‍ സത്താറിക്കയെ നേരിട്ട് കാണുന്നത്. എന്റെ വിഷമം കണ്ട കലൂര്‍ ഡെന്നിസ് സാര്‍ സത്താറിക്കയോട് കാര്യം പറഞ്ഞു. കഥ കേട്ട സത്താറിക്ക കൂടുതലൊന്നും പറയാതെ എനിക്ക് കൈ തന്നു. ചിത്രം നിര്‍മിക്കാമെന്ന് വാക്കു നല്‍കി. ഒരു നിര്‍മാതാവിനെപ്പോലെ അദ്ദേഹം സിനിമയില്‍ ഇടപെട്ടിരുന്നില്ല. ഒരു സുഹൃത്തിനെപ്പോലെയാണ് ഞാനുമാിയ ഇടപഴകിയിരുന്നത്. അതിന് ശേഷം വംശം, കലാപം, ബോക്‌സര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
എന്നെ ഒരു സിനിമാക്കാരനാക്കിയത് സത്താറിക്കയാണ്. അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്നും സഹസംവിധായകനായി തുടര്‍ന്നേനേ.
മരിക്കുന്നതിന് രണ്ട് മാസം മുന്‍പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. ഇപ്പോള്‍ വയനാട്ടിലാണെന്നും ഒരു യാത്രക്കൊരുങ്ങുകയാണെന്നും പറഞ്ഞു. ഊട്ടി, കൊടൈക്കനാല്‍, ഹൊക്കനയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. തിരിച്ചു വന്നാല്‍ കാണണമെന്നും ഒരുമിച്ച് ഒരു യാത്രപോകണമെന്നും അദ്ദേഹം പറഞ്ഞു. സുഖമില്ല എന്ന കാര്യത്തെക്കുറിച്ചും അദ്ദേഹം സൂചന നല്‍കിയിരുന്നു. പീന്നീട് ഞാന്‍ സത്താറിക്കയെ കാണുമ്പോള്‍ നല്ല അവശതയിലായിരുന്നു. ഞാന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. കുറച്ചു നേരം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി.
സത്താറിക്ക എന്നോട് കുടുംബകാര്യങ്ങളെക്കുറിച്ച് പറയാറുണ്ടായിരുന്നു. ജയഭാരതിയുമായി വേര്‍പിരിഞ്ഞതില്‍ സത്താറിക്കയ്ക്ക് നല്ല വിഷമമുണ്ടായിരുന്നു. എന്റെ ഭാരതി എന്നാണ് അദ്ദേഹം ജയഭാരതി ചേച്ചിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ പറയുക. മരണം വരെ അങ്ങനെയായിരുന്നു.
ജയഭാരതി ചേച്ചിയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് കമ്പോളം സത്താറിക്ക ചെയ്തത്. ചിത്രീകരണത്തിന്റെ ഭാഗമായി ഞങ്ങള്‍ പൊള്ളാച്ചിയില്‍ പോയിരുന്നു. അവിടെ ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ എതിര്‍വശത്താണ് സംവിധായകന്‍ മണിവണ്ണന്‍ താമസിച്ചിരുന്നത്. അന്ന് ജയഭാരതി ചേച്ചി അവിടെ വരികയും സത്താറിക്കയുമായി സംസാരിക്കുകയും ചെയ്തു. കമ്പോളം നിര്‍മിച്ചത് മകന്‍ ഉണ്ണിയുടെ (കൃഷ് സത്താര്‍) പേരിലായിരുന്നു. സത്താറിക്കയ്ക്ക് സുഖമില്ലാതായപ്പോള്‍ തന്നെ ജയഭാരതി ചേച്ചിയും ഉണ്ണിയും എത്തിച്ചേര്‍ന്നു. മരണസമയത്തെല്ലാം അദ്ദേഹത്തെ ശുശ്രൂഷിച്ചത് അവരായിരുന്നു- ബൈജു കൊട്ടാരക്കര പറഞ്ഞു.
Content Highlights: Baiju Kottarakkara talks about sathaar, Kambolam movie, Jayabharathi, son krish, sathar passed away