ഷെയ്ന്‍ നിഗത്തെ ബഹിഷ്കരിക്കാനുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിനെതിരേ സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഷെയ്‌നിനെ വിലക്കാന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരം. ഷെയ്ന്‍ സിനിമയില്‍ തിരിച്ചുവരുമെന്നും ഇല്ലെങ്കില്‍ തല മൊട്ടയടിക്കാന്‍ തയ്യാറാണെന്നും ബൈജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ബൈജു കൊട്ടാരക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഞാന്‍ തല മൊട്ടയടിക്കാം.
ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക്. ഇയാളെ വിലക്കാന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരം. അവകാശം. കാരണം മലയാള സിനിമയില്‍ വിലക്കുകള്‍ കണ്ടുപിടിച്ചത് ഇവരാണ്. ജഗതി ശ്രീകുമാര്‍, സുകുമാരന്‍, വിനയന്‍, ബൈജു കൊട്ടാരക്കര തുടങ്ങി നിരവധിയാളുകളെ വിലക്കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്. ഇവരെ നേരിട്ട് വിലക്കിയില്ല എങ്കില്‍ മറ്റു സംഘടനകള്‍ വിലക്കുന്നതിന് കൂട്ടുനിന്ന ആളുകളാണ്. 

2011-ല്‍ ഒരു നിര്‍മ്മാണ കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ 85000 രൂപയോളം എന്റെ കയ്യില്‍ നിന്നും വാങ്ങിയിട്ട് ഇന്നും മെമ്പര്‍ഷിപ്പ് തന്നിട്ടില്ല . അതിന്റെ പണി പുറകെ വരുന്നുണ്ട്. ഞാന്‍ ആ വിലക്കിനെ അഭിമുഖീകരിക്കുന്നു. കുറേക്കാലം വിനയനെ വിലക്കി എന്നിട്ടിപ്പോ എന്തായി വിനയന്‍ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. സംഘടനയില്‍ മത്സരിക്കുന്നു. 

രഞ്ജിത്ത് താങ്കള്‍ സിനിമയില്‍ വന്ന കാലം മുതല്‍ എനിക്ക് താങ്കളെ അറിയാം ഒരു കാര്യം മാത്രം പറയുന്നു. കുറച്ചു കാലങ്ങള്‍ക്കു മുമ്പ് മലയാള സിനിമയിലെ ചില താരങ്ങള്‍ ലഹരി പാര്‍ട്ടികള്‍ നടത്തുകയും ലഹരി ലൊക്കേഷനുകളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് ഞാന്‍ ചില ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞപ്പോള്‍ നിര്‍മാതാക്കളുടെ അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ചില ആളുകള്‍ ഉള്‍പ്പെടെ നിഷേധിക്കുകയും എന്നെ കരിവാരിത്തേക്കാന്‍ ആ സമയം ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടിപ്പോള്‍ എന്തായി കുത്തഴിഞ്ഞില്ലേ...

സുഹൃത്തുക്കളെ ഇതിനുള്ള മറുപടി എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്. ഇപ്പോള്‍ പറയുന്നു ലോക്കേഷനുകള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു എന്ന് .ചിലരുടെ ഡേറ്റുകള്‍ക്ക് വേണ്ടി എന്ത് തോന്നിവാസവും അനുവദിച്ചുകൊടുക്കുന്ന നിര്‍മാതാക്കളാണ് ഇതിന് കാരണക്കാര്‍. എന്നിട്ടിപ്പോ നാണമില്ലേ ഇതൊക്കെ പറഞ്ഞു നടക്കാന്‍. ഷെയിന്‍ നിഗമിന് നിങ്ങള്‍ കൊടുത്ത പിഴയായ ഏഴുകോടി രൂപ തിരിച്ചു കൊടുക്കാതെ ഇനി സിനിമയില്‍ അഭിനയിപ്പിക്കല്ല എന്നു പറയുന്നു. 

മിസ്റ്റര്‍ രഞ്ജിത്ത് ഏതാനും നാളുകള്‍ക്കുള്ളില്‍ ഇയാള്‍ തിരിച്ചുവരുമെന്നും ഒന്നും നടക്കില്ല എന്നും ഞാന്‍ പറയുന്നു തുടര്‍ന്ന് അയാള്‍ സിനിമയിലുണ്ടാവും , അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ നിര്‍മ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കള്‍ തല മുണ്ഡനം ചെയ്യാന്‍ തയ്യാറുണ്ടോ? തിരിച്ചു വന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്തു കൊച്ചിയില്‍ എംജി റോഡിലൂടെ നടക്കാന്‍ ഞാന്‍ തയ്യാറാണ്.

Baiju

Content Highlights : Baiju Kottarakkara On Actor Shane Nigam's Ban from malayalam Cinema