കൊച്ചി: കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുക എന്ന റെക്കോഡുമായി റിലീസിന് മുന്‍പേ ഹിറ്റായി ബാഹുബലിയുടെ രണ്ടാം ഭാഗം. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ വിതരണാവകാശം റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയത്. ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന തുക നേടിയത്  രജനീ ചിത്രം കബാലിയായിരുന്നു. ഈ റെക്കോഡാണ് ഇപ്പോള്‍ ബാഹുബലി തകര്‍ത്തിരിക്കുന്നത്. 

7.5 കോടി രൂപയ്ക്കായിരുന്നു ആശിര്‍വാദ് സിനിമാസ് കബാലിയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ബാഹുബലി 2 ന്റെ വിതരണവാകാശം ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ സ്വന്തമാക്കിയത് പത്തു കോടി രൂപയ്ക്കാണ് എന്നാണറിവ്. ഈ തുകയില്‍ പത്ത് ശതമാനം വരെ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റം വരാന്‍ സാധ്യതയുണ്ട്. യഥാര്‍ഥ തുക എത്രയെന്ന് സ്ഥിരീകരിക്കാന്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ തയ്യാറായിട്ടില്ല. 

ബാഹുബലി ഒന്നാം ഭാഗം പ്രേക്ഷകന് എത്രമാത്രം ആകാംക്ഷഭരിതമായിരുന്നോ അതിലും കൂടുതലായിരിക്കും രണ്ടാം ഭാഗമെന്ന് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ എം.ഡി. പ്രേം മേനോന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ബാഹുബലി അതിന്റെ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ സംവിധായകന്‍ എസ്.എസ്. രാജമൗലി അതീവ ശ്രദ്ധാലുവായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബാഹുബലി ആദ്യ ഭാഗത്തിന്റെ അവകാശം ഇവര്‍ നേടിയത് 4.5 കോടി രൂപയ്ക്കായിരുന്നു. കേരളത്തിലെ തിയ്യറ്ററുകളില്‍ നിന്ന് ഉള്‍പ്പെടെ മികച്ച കളക്ഷന്‍ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം ഭാഗം ഭീമമായ തുകയ്ക്ക് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സും റെക്കോഡ് തുകയ്ക്കാണ് വിറ്റു പോയത്. 

കബാലിയുടെ വിതരണാവകാശം സ്വന്തമാക്കിയ ആശിര്‍വാദ് സിനിമാസ് ബാഹുബലിയുടെ വിതരണാവകാശത്തിനായി ശ്രമിച്ചിരുന്നതായി സൂചനകളുണ്ട്. എന്നാല്‍, ബിഡ്ഡിംഗില്‍ അന്തിമ വിധി ഗ്ലോബല്‍ യുണൈറ്റഡിന് അനുകൂലമാവുകയായിരുന്നു. തമിഴ് ചിത്രമായ ഐ, ഹോളിവുഡ് ചിത്രം ജംഗിള്‍ ബുക്ക്, ബാഹുബലി, പ്രഭുദേവയുടെ തിരിച്ചുവരവ് ചിത്രം ദേവീ തുടങ്ങി മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ വിതരണത്തിനെത്തിച്ച കമ്പനിയാണിത്. കമ്മട്ടിപ്പാടം ഉള്‍പ്പെടെ ഏതാനും മലയാള സിനിമകളും ഈ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്.