ഇന്ത്യയില്‍ ബോക്‌സോഫീസ് കളക്ഷനിൽ ചരിത്രം സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ജര്‍മനിയിലെ കളക്ഷന്‍ കണ്ട് തലയില്‍ കൈ വെച്ചത് രാജമൗലിയും റാണയും പ്രഭാസും അനുഷ്‌കയുമാണ്. കാരണം മറ്റൊന്നുമല്ല, ജര്‍മ്മനിയില്‍ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച്ച കഴിഞ്ഞിട്ടും കിട്ടിയ കളക്ഷന്‍ വെറും മൂന്ന് ലക്ഷം രൂപ മാത്രം. ഇച്ച് ബിന്‍ ബാഹുബലി എന്ന പേരില്‍ ജര്‍മനിയില്‍ പുറത്തിറങ്ങിയ ചിത്രം പ്രമുഖ വിതരണക്കാരായ കിനോസ്റ്റര്‍ വാങ്ങിയത് കോടികള്‍ മുടക്കിയാണ്. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ചിത്രം ഏപ്രില്‍ 28ന് 30 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. 

ഇതിന് മുന്‍പ് ജര്‍മനിയില്‍ റിലീസായ ബോളിവുഡ് ചിത്രങ്ങളില്‍ മിക്കവയും ഹിറ്റായിരുന്നു. ഒമ്പത് കോടി രൂപ കളക്റ്റ് ചെയ്ത ബോക്‌സോഫീസ് ഹിറ്റായ ലഞ്ച് ബോക്‌സ് മുതല്‍ ഈ അടുത്ത് റിലീസ് ചെയ്ത കി ആന്‍ഡ് കാ വരെ ജര്‍മനിയിലെ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ കി ആന്‍ഡ് കാ അഞ്ച് ലക്ഷവും കപൂര്‍ ആന്‍ഡ് സണ്‍സ് 14 ലക്ഷവുമാണ് നേടിയത്. ഇംഗ്ലീഷ് വിംഗ്ലീഷ്, രാം ലീല, ദില്‍വാലെ, ഹാപ്പി ന്യൂ ഇയര്‍, ധൂം 3, ബജ്‌രംഗി ബായിജാന്‍, ബാജിറാവു മസ്താനി എന്നീ ചിത്രങ്ങളും ജര്‍മനിയില്‍ ഹിറ്റായിരുന്നു. ചൈനയിലും അമേരിക്കയിലും ബ്രിട്ടനിലും യു.എ.ഇയിലും ഇതിന് മുന്‍പ് ബാഹുബലി റിലീസ് ചെയ്തിട്ടുണ്ട്. അവിടെയൊക്കെ മികച്ച പ്രതികരണം നേടിയ ശേഷമാണ് ബാഹുബലി ജര്‍മനിയില്‍ തകര്‍ന്നടിഞ്ഞത്.