ഇന്ത്യൻ സിനിമയെ ഇളക്കിമറിച്ച് ചരിത്രം കുറിച്ച ചിത്രങ്ങളാണ് ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ. ഇപ്പോഴിതാ ബാഹുബലിയുടെ പൂർവകഥയുമായി വീണ്ടും വരികയാണ് എസ്.എസ്.രാജമൗലി.
ആനന്ദ് നീലകണ്ഠന്റെ ദി റൈസ് ഓഫ് ശിവകാമി എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ബാഹുബലി: ബിഫോർ ദി ബിഗിനിങ് ഒൻപത് അധ്യായങ്ങളുള്ള പരമ്പരയായിട്ടാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുങ്ങുന്ന ചിത്രത്തിന് അഞ്ഞൂറ് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജമൗലിയും ആർക്ക മീഡിയ വർക്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മൂന്ന് സീസണുകളായി സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിൽ ബാഹുബലിയുടെ ജനനത്തിന് മുൻപുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്.
തന്റേടിയും പോരാളിയുമായ ഒരു പെൺകുട്ടി ധീക്ഷ്ണാശാലിയും തന്ത്രശാലിയുമായ ഒരു രാജ്ഞിയായി മാറുന്നതിന്റെ കഥയാണ് പരമ്പര പറയുന്നതെന്ന് നെറ്റ്ഫ്ലിക്സ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഒരു സാധാരണ നഗരത്തിൽ നിന്നും ഒരു സാമ്രാജ്യത്തിലേയ്ക്കുള്ള മിഹിഷ്മതിയുടെ വളർച്ചയും അതിന് അടിവളമായ അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും കഥയുമാണ് പരമ്പര പറയുന്നത്-നെറ്റ്ഫ്ലിക്സ് പറഞ്ഞു.
ഓരോ മണിക്കൂർ വീതമുള്ള ഒൻപത് ഭാഗങ്ങളാണ് ഓരോ സീസണും. എട്ട് മണിക്കൂറുള്ള ഒറ്റ സിനിമ പോലെയും ഓരോ മണിക്കൂർ വീതമുള്ള എട്ടു ഭാഗങ്ങളായും ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും.
രണ്ട് സീസണുകളിലേയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ കരാറായിരിക്കുന്നത്. എന്നാൽ, അത് തുടരും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
സിനിമയിലെ താരങ്ങളുടെ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ശിവകാമിയുടെയും കട്ടപ്പയുടെയും ചെറുപ്പകാലത്തെ കഥയാണ് പറയുന്നത് എന്നതുകൊണ്ട് തന്നെ ബാഹുബലിയും ബാഹുബലിയായി തകർത്തഭിനയിച്ച പ്രഭാസും ചിത്രത്തിലുണ്ടാവില്ല.
പഴയ രണ്ട് ബാഹുബലി ചിത്രത്തിലെയും ഭാഗങ്ങൾ ഉപയോഗിച്ച് ഈ പരമ്പരയുടെ ഒരു ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിട്ടുണ്ട്.
വിക്രം ചന്ദ്രയുടെ സേക്രഡ് ഗെയിംസാണ് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്ത ആദ്യ പരമ്പര.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..