കേരളത്തിലെ ബോക്‌സ്ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച് റെക്കോര്‍ഡുകള്‍ കീഴടക്കി എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ബാഹുബലി. റിലീസിന് ശേഷം നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍നിന്ന് ബാഹുബലി വാരിക്കൂട്ടിയത് 16 കോടി രൂപ (ഗ്രോസ്). നെറ്റ് കളക്ഷന്‍ ഏതാണ്ട് 14 കോടി രൂപ വരുമെന്നാണ് വിതരണക്കാരുമായി ബന്ധപ്പെട്ട ആളുകള്‍ നല്‍കുന്ന സൂചന. കേരളത്തില്‍ നിലവില്‍ 330 സ്‌ക്രീനുകളിലാണ് സിനിമ ഓടിക്കൊണ്ടിരിക്കുന്നത്. 

സെഞ്ച്വറി ഫിലിംസിലൂടെ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ബാഹുബലിയെ കേരളത്തില്‍ എത്തിച്ചത്. ആഗോള ബോക്‌സ് ഓഫീസില്‍ 500 കോടി രൂപയും കടന്ന് മുന്നേറിക്കൊണ്ടിരിക്കുന്ന കളക്ഷന്‍ കണക്കുകള്‍ ആയിരം കോടി രൂപ കടക്കുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തില്‍ ഇന്നുവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത മികച്ച ഓപ്പണിംഗോടെ ആറു കോടി രൂപയ്ക്ക് അടുത്താണ് ബാഹുബലി ആദ്യ ദിനത്തില്‍ കളക്ട് ചെയ്തത്. 

അതേസമയം മലയാളത്തിലെ മറ്റ് ചെറുസിനിമകള്‍ക്ക് തിയേറ്റര്‍ പോലും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. എല്ലാ സ്‌ക്രീനുകളിലും ബാഹുബലി നിറഞ്ഞാടിക്കൊണ്ടിരിക്കുമ്പോള്‍ രക്ഷാധികാരി ബൈജു ഏതാനും തിയേറ്ററുകളില്‍ അവശേഷിക്കുന്നുണ്ട്. അഞ്ചാം തിയതി ദുല്‍ഖര്‍ നായകനായ അമല്‍ നീരദ് ചിത്രം സിഐഎ റിലീസാകുമ്പോള്‍ എത്ര തിയേറ്ററുകള്‍ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. 

കൊച്ചിയിലെ മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകളില്‍, രക്ഷാധികാരി ബൈജു, സഖാവ്, ടേക്ക്ഓഫ് പോലുള്ള ചിത്രങ്ങള്‍ക്ക് ഏതാനും ഷോകള്‍ നല്‍കിയിട്ടുണ്ടെന്നൊഴിച്ചാല്‍ ഒട്ടിമിക്ക സ്‌ക്രീനുകളിലും ബാഹുബലിയാണ് നിറഞ്ഞാടിക്കൊണ്ടിരിക്കുന്നത്.