ലണ്ടന്‍: ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്ട്‌സ് (ബാഫ്ത) പുരസ്‌കാര വേദിയില്‍ മികച്ച നേട്ടം കൊയത് ഡാമിയന്‍ ചസെല്‍ സംവിധാനം ചെയ്ത ലാ ലാ ലാന്റ്. 

ഓസ്‌കാര്‍ പുരസ്‌കാരത്തിന് 14  വിഭാഗങ്ങളില്‍ നാമം നിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ലാ ലാ ലാന്റ് ബാഫ്തയില്‍ മികച്ച നടിയ്ക്കും മികച്ച ചിത്രത്തിനുമടക്കം അഞ്ച് പുരസ്‌കാരങ്ങളാണ് നേടിയത്. 

ലാ ലാ ലാന്റിലെ മിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എമ്മ സ്‌റ്റോണ്‍ മികച്ച നടിയായി. മാഞ്ചസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കാസി അഫ്‌ളെക്ക് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദേവ് പട്ടേല്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ലയണ്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് ഈ ഇന്ത്യന്‍ വംശജനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ദേവ് പട്ടേലിന് ഓസ്‌കാര്‍ പുരസ്‌കാരത്തിനും നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.