ചടങ്ങിൽ നിന്നും
കൊച്ചി: കോളേജ് യൂണിയൻ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാർഥിക്ക് സസ്പെൻഷൻ. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോ കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാൽ സ്റ്റാഫ് കൗൺസിൽ യോഗം കൂടിയാണ് വിദ്യാർഥിക്ക് ഒരാഴ്ചത്തെ സസ്പെൻഷൻ നൽകാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ ഡോ. ബിന്ദു എം നമ്പ്യാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ഒരു ലോ കോളേജ് വിദ്യാർഥി എന്ന നിലയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
കഴിഞ്ഞ ദിവസം വിദ്യാർഥി യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി എത്തിയ അപര്‍ണ ബാലമുരളിയോട് ലോ കോളജിലെ വിദ്യാര്‍ഥി മോശമായി പെരുമാറുകയായിരുന്നു. നടിക്ക് പൂ കൊടുക്കാനായി വേദിയിൽ കയറിയ വിദ്യാർഥി അപർണയുടെ കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ അനിഷ്ടം പ്രകടിപ്പിച്ച നടി എന്താടോ ലോ കോളജ് അല്ലേ എന്ന് ചോദിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ സ്തബ്ധയായിപ്പോയെന്ന് അപർണ പിന്നീട് സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തിരുന്നു.
അതേസമയം കോളേജിൽ യൂണിയൻ പരിപാടിക്കിടെ ഉണ്ടായ ആവേശത്തിൽ സംഭവിച്ചു പോയതാണെന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസിന് വിദ്യാർത്ഥി നൽകിയ മറുപടി. എന്നാൽ ഇത് തൃപ്തികരമല്ലാത്തതിനാലാണ് നടപടി സ്വീകരിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും കോളജ് യൂണിയൻ സോഷ്യൽമീഡിയയിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു.
Content Highlights: bad behaviour towards actress aparna balamurali student suspended
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..